ADVERTISEMENT

റോട്ടർഡാം (നെതർലൻഡ്സ്) ∙ രാജ്യാന്തര ഫുട്ബോളിൽ സമീപകാലത്ത് ക്രൊയേഷ്യയെപ്പോലെ സ്ഥിരത കാണിച്ച അധികം ടീമുകളില്ല. 2018 റഷ്യൻ ലോകകപ്പിന്റെ ഫൈനൽ കളിച്ച അവർ 2022 ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിലുമെത്തി. വെറും 40 ലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്തിന് അതൊരു വലിയ നേട്ടം തന്നെ എന്നു കരുതുന്നവരുണ്ടാകാം.

എന്നാൽ, ലോകമെങ്ങുമുള്ള ക്രൊയേഷ്യൻ ആരാധകർ അങ്ങനെ തൃപ്തിപ്പെടുന്നവരല്ല. കളിമികവിന്റെ ഉജ്വലമായ ഈ പതിറ്റാണ്ടിനു തിളക്കമായി അവർക്കൊരു കിരീടം വേണം. ഒരിക്കൽ കൂടി അവസരം ക്രൊയേഷ്യയുടെ മുന്നിൽ വന്നു നിൽക്കുന്നു. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഒന്നാം സെമിഫൈനലിൽ റോട്ടർഡാമിലെ ഫെയനൂർദ് സ്റ്റേഡിയത്തിലിറങ്ങുമ്പോൾ ക്രൊയേഷ്യയുടെ എതിരാളികൾ ആതിഥേയരായ നെതർലൻഡ്സ്.

മോഹഭംഗങ്ങളുടെ കാര്യത്തിൽ ക്രോട്ടുകളുടെ മുൻഗാമികളാണ് ഡച്ചുകാർ. മൂന്നു ലോകകപ്പ് ഫൈനലുകളിലാണ് (1974, 1978, 2010) അവർ തോറ്റു പോയത്. നേഷൻസ് ലീഗിൽ തന്നെ 2019ൽ ഫൈനലിൽ വീണു. 1988ൽ നേടിയ യൂറോ ചാംപ്യൻഷിപ് മാത്രമാണ് അവരുടെ ട്രോഫി ഷെൽഫിലെ സ്വർണത്തിളക്കം. ഇന്ത്യൻ സമയം രാത്രി 12.15നാണ് ഇന്നു കിക്കോഫ്. 

ക്രൊയേഷ്യ Vs നെതർലൻഡ്സ് 

ഫെയനൂർദ് സ്റ്റേഡിയം, റോട്ടർഡാം 

ഇന്ത്യൻ സമയം ഇന്നു രാത്രി 12.15

ക്രൊയേഷ്യ

 ഫിഫ റാങ്ക്: 7

കോച്ച്: സ്‌ലാറ്റ്കോ ‍ഡാലിച്ച്  

പ്രധാന താരങ്ങൾ: ലൂക്ക മോഡ്രിച്ച്, ഡൊമിനിക് ലിവാകോവിച്, ബോർന സോസ, മാഴ്സലോ ബ്രോസോവിച്ച്, മാറ്റിയോ കൊവാസിച്ച്, ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രമാരിച്ച്. 

ടീം ന്യൂസ്: പരുക്കേറ്റ ഡിഫൻഡർ ജോസ്കോ ഗവാർഡിയോൾ കളിക്കില്ല. 

നെതർലൻഡ്സ് 

ഫിഫ റാങ്ക്: 6

കോച്ച്: റൊണാൾഡ് കൂമാൻ 

പ്രധാന താരങ്ങൾ: വിർജിൽ വാൻ ദെയ്ക്, ഡെൻസൽ ഡംഫ്രൈസ്,നേഥൻ അകെ, ഫ്രെങ്കി ഡിയോങ്, കോഡി ഗാക്പോ, ജോർജിനിയോ വിനാൾദം. 

ടീം ന്യൂസ്: പരുക്കേറ്റ സ്ട്രൈക്കർ മെംഫിസ് ഡിപായും ഡിഫൻഡർ മാറ്റിസ് ഡിലിറ്റും കളിക്കില്ല.

English Summary : UEFA Nations League, Semi Finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com