ക്രൊയേഷ്യ ഫൈനലിൽ; എക്സ്ട്രാ ടൈമിൽ നെതർലൻഡ്സിനെ തോൽപിച്ചത് 4–2ന്
Mail This Article
റോട്ടർഡാം (നെതർലൻഡ്സ്) ∙ ക്രൊയേഷ്യയുടെ നല്ലകാലം അവസാനിച്ചിട്ടില്ല; ലൂക്ക മോഡ്രിച്ചിന്റെയും. മുപ്പത്തിയേഴുകാരൻ മോഡ്രിച്ച് മുന്നിൽ നിന്നു നയിച്ചപ്പോൾ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ സെമിഫൈനലിൽ നെതർലൻഡ്സിനെതിരെ ക്രൊയേഷ്യയ്ക്ക് ആവേശജയം (4–2). എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ ക്രൊയേഷ്യയുടെ അവസാന ഗോൾ നേടിയത് ക്യാപ്റ്റൻ മോഡ്രിച്ച് തന്നെ. സ്പെയിൻ–ഇറ്റലി രണ്ടാം സെമിഫൈനൽ വിജയികളെ ഞായറാഴ്ച ഫൈനലിൽ ക്രൊയേഷ്യ നേരിടും.
ആദ്യ പകുതിയിൽ ഒരു ഗോൾ ഷോട്ട് പോലും പായിക്കാതിരുന്ന ക്രൊയേഷ്യ ഹാഫ്ടൈമിനു ശേഷമാണ് ഉജ്വലമായി തിരിച്ചു വന്നത്. 34–ാം മിനിറ്റിൽ ഡൊനിൽ മാലന്റെ ഗോളിൽ മുന്നിലെത്തിയ ഡച്ചുകാർക്കു കാലിടറിത്തുടങ്ങിയത് 55–ാം മിനിറ്റിലാണ്. മോഡ്രിച്ചിനെ കോഡി ഗാക്പോ ബോക്സിൽ ഫൗൾ ചെയ്തതിന് ക്രൊയേഷ്യയ്ക്കു പെനൽറ്റി. ആന്ദ്രെ ക്രമാരിച്ചിന്റെ കിക്ക് ഡച്ച് ഗോൾകീപ്പർ ജസ്റ്റിൻ ബിജ്‌ലോയ്ക്ക് ഒരവസരവും നൽകിയില്ല. 72–ാം മിനിറ്റിൽ മരിയോ പസാലിച്ചും ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യ 2–1നു മുന്നിൽ. എന്നാൽ ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ ബോക്സിനുള്ളിൽ ഉയർന്നു കിട്ടിയ പന്ത് ക്രൊയേഷ്യൻ ഗോളിലേക്കു തട്ടിയിട്ട് ഡച്ച് പകരക്കാരൻ നോവ ലാങ് കളി അധിക സമയത്തേക്കു നീട്ടി (2–2).
അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ പക്ഷേ ക്രൊയേഷ്യ തളർന്നില്ല. 98–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള ബ്രൂണോ പെറ്റ്കോവിച്ചിന്റെ തകർപ്പൻ ഷോട്ടിൽ ക്രൊയേഷ്യ വീണ്ടും മുന്നിൽ (3–2). തിരിച്ചു വരാം എന്ന ഡച്ചുകാരുടെ മോഹം തീർത്ത് 116–ാം മിനിറ്റിൽ വീണ്ടും പെനൽറ്റി.
ടൈറൽ മലാസിയ പെറ്റ്കോവിച്ചിനെ വീഴ്ത്തിയതിനാണ് റഫറി സ്പോട്ടിലേക്കു വിരൽ ചൂണ്ടിയത്. മോഡ്രിച്ചിന്റെ കിക്ക് വലയിൽ. ക്രൊയേഷ്യയുടെ വിജയം 4–2ന്.
ക്രൊയേഷ്യൻ ജഴ്സിയിൽ ലൂക്ക മോഡ്രിച്ചിന്റെ 165–ാം മത്സരമായിരുന്നു ഇന്നലെ. സജീവ ഫുട്ബോളർമാരിൽ മോഡ്രിച്ചിനു മുന്നിലുള്ളത് ഹസൻ അൽ ഹെയ്ദോസ് (172, ഖത്തർ), ലയണൽ മെസ്സി (174, അർജന്റീന), ബദർ അൽ മുതാവ (196, കുവൈറ്റ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (198, പോർച്ചുഗൽ) എന്നിവർ മാത്രം.
English Summary : Croatia in final by defeating Netherlands in extra time