ബ്ലാസ്റ്റേഴ്സിൽ പരിശീലകനൊഴികെ എല്ലാം മികച്ചത്: മഞ്ഞക്കടൽ ഞെട്ടിച്ചെന്ന് ബെർബറ്റോവ്
Mail This Article
മുംബൈ∙ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച കാലത്തെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബൾഗേറിയയുടെ മുൻ താരം ദിമിറ്റർ ബെർബറ്റോവ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2017 സീസണിലാണ് ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. ‘‘മത്സരത്തിനു മണിക്കൂറുകൾക്കു മുൻപേ ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഞങ്ങൾ ഡ്രസിങ് റൂമിലായിരുന്നിട്ടും എല്ലാം വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നു. കൊച്ചിയിലെ സ്റ്റേഡിയം കുലുങ്ങുകയായിരുന്നെന്നു പറയാം. ആ അനുഭവം വിവരിക്കാൻ ശരിയായ വാക്ക് എനിക്കു കിട്ടുന്നില്ല.’’– ബെർബറ്റോവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘മത്സരത്തിനിടെ ഞാൻ ഗ്രൗണ്ടിൽ ശബ്ദമുണ്ടാക്കി സംസാരിച്ചിട്ടു പോലും കൂടെയുള്ള താരത്തിന് അതു കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇന്ത്യയിൽ കളിച്ചിരുന്നപ്പോൾ എന്റെ അഞ്ച് കിലോ കുറഞ്ഞു. പക്ഷേ അവിടെ കളിച്ചത് മികച്ച അനുഭവമായിരുന്നു. സ്റ്റേഡിയത്തിൽ മുഴുവൻ മഞ്ഞക്കടല്‍ മാത്രമാണു കാണാൻ കഴിയുക’’– ബെർബറ്റോവ് പ്രതികരിച്ചു. ബ്ലാസ്റ്റേഴ്സ് വിട്ടപ്പോൾ പരിശീലകൻ ഡേവിഡ് ജെയിംസിനെതിരെ ബെർബറ്റോവ് ട്വീറ്റ് ചെയ്തിരുന്നു. പരിശീലകനൊഴികെ മറ്റെല്ലാം ബ്ലാസ്റ്റേഴ്സിൽ മികച്ചതായിരുന്നെന്നും ബെർബറ്റോവ് പ്രതികരിച്ചു.
‘‘പരിശീലകൻ എന്നെ ബഹുമാനിച്ചിരുന്നില്ല. അങ്ങനെ വരുമ്പോൾ തിരിച്ചും ഞാൻ അതു തന്നെ ചെയ്യും. കാര്യങ്ങൾ അങ്ങനെ അവസാനിച്ചതിൽ ഞാൻ സന്തോഷവാനല്ല. കുറച്ചുകൂടി നല്ല പ്രകടനം എനിക്കു നടത്താൻ സാധിക്കുമായിരുന്നു. പക്ഷേ പരുക്കുകളും മറ്റും അതിന് അനുവദിച്ചില്ല.’’– ബെർബറ്റോവ് വ്യക്തമാക്കി.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ടോട്ടനം ഹോട്സ്പറിനും വേണ്ടി തിളങ്ങിയിട്ടുള്ള ബെർബറ്റോവിന് ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്ന കാലത്ത് മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്സില്‍ ഒൻപതു കളികളിൽ ഒരു ഗോളാണ് ബെർബറ്റോവ് അടിച്ചത്. യുണൈറ്റഡിനായി 108 മത്സരങ്ങളില്‍നിന്ന് 48 ഗോളുകളും ടോട്ടനത്തിൽ 70 മത്സരങ്ങളിൽനിന്ന് 27 ഗോളുകളും ബെർബറ്റോവ് നേടിയിട്ടുണ്ട്.
English Summary: Berbatov praise Kerala Blasters fans