‘ജയിച്ചാലും ഗോളടിക്കാനായില്ലെങ്കിൽ റൊണാൾഡോയുടെ സ്വഭാവം മാറും, ബൂട്ട് വലിച്ചെറിയും’
Mail This Article
ലണ്ടൻ∙ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിച്ച കാലത്തെ അനുഭവങ്ങൾ പങ്കുവച്ച് റയൽ മഡ്രിഡ് മുൻ താരം ഗരെത് ബെയ്ൽ. ഗോളടിക്കാൻ സാധിച്ചില്ലെങ്കിൽ റൊണാൾഡോയുടെ സ്വഭാവം മാറുമെന്നാണ് ഗരെത് ബെയ്‍ലിന്റെ നിലപാട്. റൊണാൾഡോ ഒരു നല്ല വ്യക്തിയാണെന്നും, പക്ഷേ ഗോളടിക്കാൻ സാധിച്ചില്ലെങ്കിൽ ദേഷ്യം വരുമെന്നും ബെയ്ൽ ഒരു സ്പോർട്സ് മാധ്യമത്തോടു വെളിപ്പെടുത്തി. റയൽ മഡ്രിഡിൽ ബെയ്‍ലും റൊണാൾഡോയും സഹതാരങ്ങളായിരുന്നു.
‘‘നമ്മൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു ജയിച്ചു നിൽക്കുകയാണെങ്കിലും, ഗോളടിക്കാൻ സാധിച്ചില്ലെങ്കിൽ റൊണാൾഡോ ദേഷ്യം കൊണ്ട് ബൂട്ട് വലിച്ചെറിയും. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല.’’– ഗരെത് ബെയ്ൽ വ്യക്തമാക്കി. റയൽ മഡ്രിഡിനായി 438 മത്സരങ്ങൾ കളിച്ചിട്ടുള്ള റൊണാള്‍ഡോ 450 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. റയൽ മഡ്രിഡിന്റെ ചരിത്രത്തിലെ ടോപ് സ്കോററാണ് റൊണാൾഡോ.
2018 ൽ സ്പാനിഷ് ക്ലബ് വിട്ട റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവന്റസിൽ ചേർന്നിരുന്നു. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു തിരികെയെത്തി. യുണൈറ്റഡ് മാനേജ്മെന്റുമായി തെറ്റിയ താരം പരിശീലകനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച ശേഷമാണു ക്ലബ് വിട്ടത്. സൗദി പ്രോ ലീഗിലെ അൽ– നസ്ർ ക്ലബിലാണ് റൊണാൾഡോ ഇപ്പോൾ കളിക്കുന്നത്.
റൊണാൾഡോയും ഗരെത് ബെയ്‍ലും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നു നേരത്തേ രാജ്യാന്തര മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ റൊണാൾഡോയ്ക്കൊപ്പം കളിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഗരെത് ബെയ്ൽ തന്നെ പിന്നീടു വെളിപ്പെടുത്തി. ഈ വർഷം ആദ്യമാണ് 33 വയസ്സുകാരനായ ബെയ്ൽ വിരമിക്കൽ പ്രഖ്യാപിച്ചത്.
English Summary: Cristiano Ronaldo used to throw his boots, Gareth Bale reveals