സഡൻ ഡെത്തില് ഗോളടിച്ച് മഹേഷ് സിങ്, രക്ഷകനായി ഗുർപ്രീത് കിങ് സന്ധു!
Mail This Article
ബെംഗളൂരു∙ സാഫ് കപ്പ് ഫൈനൽ ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കു വേണ്ടി ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ആദ്യ കിക്കെടുത്തത്. അനായാസം വലകുലുങ്ങി. കുവൈത്തിന്റെ മുഹമ്മദ് ദഹം എടുത്ത ആദ്യ കിക്ക് ബാറിലിടിച്ചു തെറിച്ചു. ഇന്ത്യയ്ക്കായി രണ്ടാം കിക്കെടുത്ത സന്ദേശ് ജിങ്കാനും ലക്ഷ്യം കണ്ടു.
കുവൈത്തിന്റെ രണ്ടാം കിക്കെടുത്ത ഫവാസ് അൽ ഒട്ടയ്ബി ഗോൾ നേടിയതോടെ സ്കോർ 2–1 ആയി. ചാങ്തെയെടുത്ത മൂന്നാം കിക്കും വലതുളച്ചതോടെ ഇന്ത്യ ലീഡ് 3–1 ആക്കി ഉയർത്തി. എന്നാൽ കുവൈത്തിനായി മൂന്നാം കിക്കെടുത്ത അഹമ്മദ് അൽ ദെഫിറി ലക്ഷ്യം കണ്ടതോടെ സ്കോർ ലീഡ് 3–2.
ഇന്ത്യയുടെ നാലാം കിക്കെടുത്ത ഉദാന്ത സിങ്ങിന്റെ ചിപ്പ് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഇതോടെ ഇന്ത്യ പതറി. അബ്ദുൽ അസീസ് നാജിയിലൂടെ കുവൈത്ത് നാലാം കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ 3–3.
സുഭാശിഷ് ബോസാണ് ഇന്ത്യയ്ക്കായി അഞ്ചാം കിക്കെടുത്തത്. പന്ത് ഗോൾകീപ്പറെ മറികടന്ന് വലയിലെത്തി. കുവൈത്തിനായി അഞ്ചാം കിക്കെടുത്ത ഷബൈബ് അൽ ഖാൽദിയും ലക്ഷ്യം കണ്ടതോടെ വീണ്ടും സമനില (4–4).
വിധിനിർണയം സഡൻ ഡെത്തിലേക്ക്. ഇന്ത്യയ്ക്കു വേണ്ടി മഹേഷ് സിങ് നവോറമാണ് ആറാം കിക്കെടുത്തത്. ഗോൾ. കുവൈത്തിനായി ക്യാപ്റ്റൻ ഖാലിദ് ഇബ്രാഹിമെടുത്ത ആറാം കിക്ക് തട്ടിമാറ്റി ഗുർപ്രീത് ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ ആഘോഷത്തിനു തിരികൊളുത്തി.
English Summary: India vs Kuwait SAFF Cup Football match update