ADVERTISEMENT

ബെംഗളൂരു∙ കിരീടമോഹവുമായി മൈതാനത്തിറങ്ങുമ്പോൾ മുന്നിൽ നിന്നു നയിക്കുന്ന നായകൻ, നിർണായകഘട്ടങ്ങളിൽ ഗോളടിക്കുന്ന രക്ഷകൻ, തന്റെ സാന്നിധ്യം കൊണ്ടു മാത്രം സ്റ്റേഡിയത്തിലേക്കു കാണികളെ ആകർഷിക്കാൻ കഴിയുന്ന ‘ഫന്റാസ്റ്റിക് ഫുട്ബോളർ’– സുനിൽ ഛേത്രിയെ തിരിച്ചറിയാൻ ഇത്രയും മതി.

രാജ്യാന്തര മത്സരങ്ങളിലെ ഗോൾനേട്ടത്തിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോയ്ക്കും (123 ഗോളുകൾ) അർജന്റീനക്കാരൻ മെസ്സിക്കും (103) പിന്നിൽ സജീവ ഫുട്ബോളർമാരിൽ മൂന്നാം സ്ഥാനത്തെത്തി ഛേത്രി (92) ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ടു നയിക്കുന്നതു തുടരുന്നു. ഈ വർഷം ഒഡീഷയിൽ നടന്ന ഇന്റർ കോണ്ടിനന്റൽ കപ്പ് സ്വന്തമാക്കിയതിനു പിന്നാലെ ഇപ്പോഴിതാ ബെംഗളൂരുവിൽ സാഫ് ഫുട്ബോളിലും മുപ്പത്തിയെട്ടുകാരൻ ഛേത്രിക്കു കീഴിൽ ഇന്ത്യ കിരീടം ചൂടിയിരിക്കുന്നു.

മങ്ങിത്തുടങ്ങിയിരുന്ന ഇന്ത്യയുടെ പ്രതിച്ഛായ 2021 സാഫ് കപ്പിൽ ഛേത്രി തന്നെയാണു വീണ്ടെടുത്തത്. അന്ന് നേപ്പാളിനെ 3–0ന് തോൽപിച്ച് ഇന്ത്യ 8–ാം കിരീടം നേടുമ്പോൾ ഗോളടി തുടങ്ങിവച്ചത് നായകനായിരുന്ന ഛേത്രി തന്നെ. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യ നേടിയ ആദ്യ കിരീടം കൂടിയായിരുന്നു അത്. 

പന്തിന്റെ ദിശയും ഗതിയും ഛേത്രിയോളം വായിച്ചെടുക്കുന്നവർ ഇന്ത്യൻ ഫുട്ബോളിൽ ആരുമില്ല. മൈതാനത്തെ പൊസിഷനിങ് കൊണ്ടാണു ഛേത്രി തന്റെ  കുറവുകളെ മറികടക്കുന്നത്. ബോക്സിലേക്ക് പന്തു വരുമ്പോൾ ഫിനിഷ് ചെയ്യാൻ കൃത്യസ്ഥാനത്ത് ഇന്ത്യൻ നായകനുണ്ടാകും. 

നെഹ്റു കപ്പിലും ഇന്റർ കോണ്ടിനന്റൽ കപ്പിലും സാഫ് കപ്പിലുമെല്ലാം ഛേത്രിയുടെ ഗോൾവേട്ട ടീമിനെ മുന്നോട്ടു നയിച്ചു.രാജ്യാന്തര ഫുട്‌ബോളിൽ ഗോൾ സെഞ്ചറി തികയ്ക്കുന്ന നാലാമൻ എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണു  ഛേത്രി. 8 ഗോൾ കൂടി നേടിയാൽ ആ  അത്യപൂർവ നേട്ടത്തിൽ എത്താം. 2023ൽ ഇതുവരെ 8 ഗോൾ ഇന്ത്യൻ ജഴ്‌സിയിൽ  ഛേത്രി നേടിക്കഴിഞ്ഞു.ക്ലബ്ബുകൾക്കും രാജ്യത്തിനുമായി സുനിൽ ഛേത്രി 484 മത്സരങ്ങളിൽ നിന്നായി നേടിയത് 244 ഗോളുകൾ. ക്ലബ് തലത്തിൽ 343 മത്സരങ്ങളിൽ നിന്നു 152 ഗോളുകൾ. രാജ്യത്തിനായി 141 മത്സരങ്ങളിൽ നിന്നായി 92 ഗോളുകൾ. 

English Summary : Sunil Chhetri to reach 100 goals in international football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com