സഹലിനു വേണ്ടി കോടികളെറിയാൻ ബഗാൻ; വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്?
Mail This Article
കൊച്ചി∙ മലയാളി താരം സഹൽ അബ്ദുൽ സമദിനെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫുട്ബോൾ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത വമ്പന്‍മാരായ മോഹന്‍ ബഹാന്‍ സൂപ്പർ ജയന്റ്സ് മുടക്കുകയെന്നാണു വിവരം. 2.5 കോടി രൂപയോളം ട്രാൻസ്ഫർ ഫീ മുടക്കാൻ ബഗാൻ തയാറാകുമെന്നും പകരമായി ഒരു താരത്തേയും കേരള ബ്ലാസ്റ്റേഴ്സിനു ലഭിക്കുമെന്ന് ഐഎഫ്ടിഡബ്ല്യുസി റിപ്പോർട്ട് ചെയ്തു.
സഹലിനെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മറ്റൊരു ക്ലബ്ബും ശ്രമിച്ചിരുന്നെങ്കിലും, മോഹന്‍ബഗാൻ ഇക്കാര്യത്തിൽ വളരെയേറെ മുന്നേറിയതായി ഐഎഫ്ടിഡബ്ല്യുസി ട്വിറ്ററിൽ കുറിച്ചു. സഹലിനായി വിദേശ ക്ലബ്ബുകളും ശ്രമം നടത്തിയെന്നാണു പുറത്തുവരുന്ന വിവരം. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം പ്രമുഖർ കളിക്കുന്ന സൗദി പ്രോ ലീഗിലെ ഒരു ക്ലബ് സഹലിനു വേണ്ടി നീക്കം നടത്തിയിരുന്നു. എന്നാൽ ഈ ട്രാൻസ്ഫർ നടക്കാൻ സാധ്യത കുറവാണ്. സഹല്‍ ബഗാനിലേക്കു പോകുകയാണെങ്കില്‍ പകരം ലിസ്റ്റൺ കൊളാസോയെ ബ്ലാസ്റ്റേഴ്സിനു ലഭിച്ചേക്കും.
ബഗാൻ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തുന്നുണ്ട്. നേരത്തേ മോഹന്‍ ബഗാന്റെ പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. 26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ 90 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ദേശീയ ടീമിലും തിളങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുഖമായ സഹലിനെ ടീമിലെത്തിക്കാൻ ഐഎസ്എൽ വമ്പൻമാർ മുൻകൈയെടുത്തത്. 2.2 കോടി രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. 2025 മേയ് വരെ സഹലുമായി കേരള ബ്ലാസ്റ്റേഴ്സിന് കരാറുണ്ട്.
English Summary: Mohun Bagan set to sign Sahal Abdul Samad from Kerala Blasters