സഹൽ ഇനി മോഹൻ ബഗാന് സ്വന്തം, നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്; ക്ലബ്ബിന് കിട്ടുക 90 ലക്ഷം
Mail This Article
കൊച്ചി ∙ സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് അഞ്ച് വർഷത്തെ കരാറിലാണ് സഹലിനെ സ്വന്തമാക്കിയത്. ബഗാൻ താരം പ്രീതം കോട്ടാൽ മൂന്നു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സിലെത്തും. ട്രാൻസ്ഫര്‍ ഫീയായി 90 ലക്ഷം രൂപയാണു കേരള ബ്ലാസ്റ്റേഴ്സിനു ലഭിക്കുക.
2017 മുതൽ ബ്ലാസ്റ്റേഴ്സ് നിരയിലുള്ള സഹൽ 2 വർഷം കൂടി കരാർ ബാക്കി നിൽക്കെയാണു ടീം വിടുന്നത്. താരത്തിനു പ്രതിഫലമായി 2.5 കോടി രൂപയാണു ബഗാന്റെ വാഗ്ദാനം. കോട്ടാലിന്റെ ട്രാൻസ്ഫർ ഫീ 1.50 കോടിയാണ്. സഹലിന്റെ സാന്നിധ്യമില്ലാതെ ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ക്യാംപിനു കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹിതനായ താരം അവധിയിലാണ്.
ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്യാംപിനായി കഴിഞ്ഞ ദിവസം മുതൽ എത്തിത്തുടങ്ങിയിരുന്നു. അഡ്രിയൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, പുതുതായി എത്തിയ ഓസ്ട്രേലിയൻ താരം ജോഷ്വ സത്തിരിയോ തുടങ്ങിയവരെല്ലാം പരിശീലനത്തിൽ പങ്കെടുത്തു. പുതിയ അസിസ്റ്റന്റ് കോച്ച് ടി.ജി.പുരുഷോത്തമനും ക്യാംപിലെത്തി. മുഖ്യപരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് എത്തിയിട്ടില്ല. ഓഗസ്റ്റ് 3 മുതൽ നടക്കുന്ന ഡ്യുറാൻഡ് കപ്പാണ് ടീമിന്റെ ആദ്യ വെല്ലുവിളി.
English Summary: Sahal set to join Mohun Bagan Super Giants