ട്രാൻസ്ഫർ ഫീസ് നല്കി വാങ്ങിയ താരത്തിനു പരുക്ക്, ജോഷ്വ പുറത്ത്; ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
Mail This Article
കൊച്ചി∙ പ്രീസീസൺ ചൂടുപിടിക്കും മുൻപേ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിനു വൻ തിരിച്ചടി. രണ്ടു വർഷത്തെ കരാറിൽ ടീമിൽ ചേർന്ന ജോഷ്വ സത്തിരിയോയ്ക്കു പരിശീലനത്തിനിടെ പരുക്കേറ്റു. കാലിൽ പരുക്കേറ്റ താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പൂർണമായും നഷ്ടമാകും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ താരത്തിനു പരിശീലനത്തിനിറങ്ങിയതിനു പിന്നാലെ പരുക്കേൽക്കുകയായിരുന്നു.
ആദ്യം ചെറിയ പരുക്കാണെന്നാണു റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ ജോഷ്വയ്ക്കു കളിക്കാന്‍ സാധിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. ഓസ്ട്രേലിയൻ ലീഗിലെ ന്യൂകാസിൽ ജെറ്റ്സിൽനിന്നാണ് ജോഷ്വ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. ട്രാൻസ്ഫർ ഫീസ് നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വാങ്ങിയത്.
ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന താരത്തിന്റെ തിരിച്ചുവരവിനും മാസങ്ങളെടുക്കും. ഓസ്ട്രേലിയക്കാരനായ താരം വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ്, വെല്ലിങ്ടൻ ഫീനിക്സ് എഫ്സി എന്നീ ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ജോഷ്വയുടെ പിന്‍വാങ്ങലോടെ, ദിമിത്രിയോസ് ഡയമെന്റകോസിനൊപ്പം മുന്നേറ്റത്തിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് പുതിയ താരത്തെ കണ്ടെത്തേണ്ടിവരും. കഴിഞ്ഞ സീസണിൽ കളിച്ച അപോസ്തലസ് ജിയാനു നേരത്തേ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.
English Summary: Setback for Kerala Blasters as Jaushua Sotirio picks up a major injury