സാമ്പത്തിക ചട്ടലംഘനം: യുവന്റസിനു വിലക്ക്, ചെൽസിക്കു പിഴ
Mail This Article
ജനീവ ∙ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് യുവന്റസിനെ യുവേഫ യൂറോപ്യൻ മത്സരങ്ങളിൽ നിന്നു വിലക്കി. മറ്റൊരു കേസിൽ ഇംഗ്ലിഷ് ക്ലബ് ചെൽസിക്ക് 1.1 കോടി യുഎസ് ഡോളർ (ഏകദേശം 90 കോടി രൂപ) പിഴയും വിധിച്ചു. വിലക്കു വന്നതോടെ യൂറോപ്പിലെ മൂന്നാം നിര ക്ലബ് ചാംപ്യൻഷിപ്പായ യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗിൽ നിന്ന് യുവെ പുറത്തായി. ഫിയൊറന്റീന പകരം യൂറോപ്പ ലീഗ് പ്ലേഓഫ് കളിക്കും.
കണക്കുകളിൽ കൃത്രിമം കാട്ടി എന്നതിനാൽ നേരത്തേ ഇറ്റാലിയൻ സീരി എ സീസണിലും യുവന്റസിന് 10 പോയിന്റ് നഷ്ടമായിരുന്നു. ഇതോടെയാണ് അവർ ചാംപ്യൻസ് ലീഗ് യോഗ്യതയിൽ നിന്നു പുറത്തായത്. വിലക്കിനു പുറമേ യുവന്റസിന് 1.1 കോടി യുഎസ് ഡോളർ (ഏകദേശം 90 കോടി രൂപ) പിഴയുമുണ്ട്. ഭാവിയിൽ യുവേഫയുടെ ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചിച്ചെങ്കിൽ ഇത്രയും പിഴ വീണ്ടും വരും. വിധിക്കെതിരെ അപ്പീൽ നൽകില്ലെന്നും പുതിയ സീസണിലാണ് തങ്ങളുടെ ശ്രദ്ധയെന്നും യുവന്റസ് പ്രസിഡന്റ് ജിയാൻലൂക്ക ഫെരേര അറിയിച്ചു.
2012 മുതൽ 2019 വരെയുള്ള കാലയളവിൽ കൃത്രിമ കണക്കുകൾ സമർപ്പിച്ചതിനാണ് ചെൽസിക്കു പിഴ കിട്ടിയത്. റഷ്യൻ കോടീശ്വരൻ റോമൻ അബ്രമോവിച്ച് ക്ലബ് ഉടമയായിരുന്ന കാലത്താണ് ഇതു നടന്നത്. എന്നാൽ യൂറോപ്യൻ മത്സരങ്ങൾക്കു യോഗ്യത നേടാത്തതിനാൽ ചെൽസിക്ക് വിലക്കുണ്ടായില്ല. കഴിഞ്ഞ ഇംഗ്ലിഷ് പ്രിമിയർ ലീഗ് സീസണിൽ 12–ാം സ്ഥാനത്തായിരുന്നു ചെൽസി.
English Summary : Financial breach: Juventus banned, Penalty for Chelsea