കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണ് യുഎഇയിലേക്ക്, പ്രോ ലീഗ് ക്ലബ്ബുകളുമായി ഏറ്റുമുട്ടും
Mail This Article
കൊച്ചി∙ പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎഇയിലേക്കു പോകും. സെപ്റ്റംബർ 5 മുതൽ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാംപാണ് ബ്ലാസ്റ്റേഴ്സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും. പുതിയ അന്തരീക്ഷവുമായി ടീം അംഗങ്ങൾക്കു പൊരുത്തപ്പെടാനും ടീമിന്റെ മികവ് വിലയിരുത്താനും യുഎഇ പര്യടനം അവസരമൊരുക്കും.
സെപ്റ്റംബർ 9ന് അൽ വാസൽ എഫ്സിക്കെതിരെയാണ് സബീൽ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരം. സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അൽ അഹ്ലിയെയും നേരിടും. ഷഹാബ് അൽ അഹ്ലി സ്റ്റേഡിയം അൽ അവിർ ദുബായിലാണ് ബ്ലാസ്റ്റേഴ്സിന്റെ അൽ അഹ്ലിക്കെതിരായ പോരാട്ടം.
മിഡിൽ ഈസ്റ്റിലുള്ള വലിയൊരു വിഭാഗം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി ബന്ധപ്പെടാനുള്ള അവസരമായും പ്രീ-സീസൺ ടൂർ മാറും. ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം കാണാനുള്ള അവസരം കൂടിയാണിത്. ഫുട്‌ബോളിന്റെ വളർച്ചയാണ് തങ്ങളുടെ ദീർഘകാല ലക്ഷ്യമെന്നും കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും എച്ച് 16 സ്പോർട്സ് ചെയർമാൻ ഹസൻ അലി ഇബ്രാഹിം അൽ ബലൂഷി പറഞ്ഞു. “കേരള ബ്ലാസ്റ്റേഴ്സ് പ്രീ-സീസണിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ഇത് ഇൻഡോ-അറബ് ഫുട്ബോളിന്റെ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു.”– ഹസൻ അലി ഇബ്രാഹിം അൽ ബലൂഷി പ്രതികരിച്ചു.
കൊച്ചിയിൽ ഒരു മാസത്തെ പ്രീ-സീസൺ പരിശീലനം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യുറാൻഡ് കപ്പിന്റെ 132-ാം പതിപ്പിൽ പങ്കെടുക്കാൻ കൊൽക്കത്തയിലാണ്. സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിനു മുൻപ് ഇവാൻ വുകോമാനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യുഎഇ പര്യടനം.
English Summary: Kerala Blasters to play pre-season games at UAE