മെസ്സിയുടെ ഫോട്ടോയെടുത്തതിനെച്ചൊല്ലി തർക്കം, ഹോട്ടലിൽ സംഘർഷം
Mail This Article
മയാമി∙ യുഎസ് ക്ലബ് ഇന്റർ മയാമിയുടെ വിജയം ആഘോഷിക്കാൻ നടത്തിയ പാർട്ടിക്കിടെ ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. മയാമിയിലെ ഒരു റെസ്റ്റോറന്റിലെ പാർട്ടിക്കിടെ ഒരാൾ മെസ്സിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുൻ ഇംഗ്ലിഷ് ഫുട്ബോൾ താരവും ഇന്റർ മയാമി ക്ലബ് ഉടമയുമായ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാമും മകളും പാർട്ടിക്കെത്തിയിരുന്നു. മെസ്സിയും ഭാര്യ അന്റോനെല്ല റോക്കുസോയും പാർട്ടിയിൽ പങ്കെടുത്തു. അനുവാദമില്ലാതെ മെസ്സിയുടേയും ഭാര്യയുടേയും ഫോട്ടോയെടുക്കാൻ നോക്കിയതിന് ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഒരാളുടെ മുഖം ഇടിച്ചുതകര്‍ത്തതായി പരാതി ഉയർന്നിട്ടുണ്ട്.
ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടലിനു പുറത്തേക്കുകൊണ്ടുപോയി മർദിച്ചതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷമുണ്ടായ ഉടൻ തന്നെ ബെക്കാമിന്റെ ഭാര്യയും മകളും ഹോട്ടലിൽനിന്നുപോയി. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ബെക്കാമിന്റെ കുടുംബം ഹോട്ടൽ വിട്ടത്.
ഫിലാഡൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ കടന്നിരുന്നു. സെമി പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്റർ മയാമി വിജയിച്ചത്. ജോസഫ് മാർട്ടിനെസ് (3–ാം മിനിറ്റ്), മെസ്സി (20), ജോർഡി ആല്‍ബ (45), ഡേവിഡ് റൂയിസ് (84) എന്നിവരാണ് ഗോളുകൾ നേടിയത്. 73–ാം മിനിറ്റിൽ അലെജാന്ത്രോ ബെദോയ ഫിലാഡൽഫിയയുടെ ആശ്വാസ ഗോൾ കണ്ടെത്തി. മയാമിക്കായുള്ള ആറാം മത്സരത്തിൽ ലോങ് റേഞ്ചർ ഗോളാണു മെസ്സി നേടിയത്. ആറു മത്സരങ്ങളിൽനിന്ന് മെസ്സിയുടെ ഒൻപതാം ഗോളാണിത്.
English Summary: Selfie with Messi, fight breaks out between fans to take photos of Lionel Messi