വെൽ പ്ലേയ്ഡ് മെറ്റിൽഡാസ്
Mail This Article
സിഡ്നി ∙ സെമിഫൈനലിൽ കുതിപ്പ് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ആരാധകരുടെ കപ്പ് ‘മെറ്റിൽഡാസ്’ എന്നേ നേടിക്കഴിഞ്ഞു! വനിതാ ലോകകപ്പ് ഫുട്ബോളിന്റെ സഹ ആതിഥേയരായ ഓസ്ട്രേലിയ സെമിയിൽ ഇംഗ്ലണ്ടിനോടു തോൽവി വഴങ്ങി. സ്കോർ: ഇംഗ്ലണ്ട് –3, ഓസ്ട്രേലിയ –1.
കിരീടവിജയത്തോളം തിളക്കമുള്ള മനോഹര നിമിഷങ്ങൾ സമ്മാനിച്ച് ഓസ്ട്രേലിയ കളി അവസാനിപ്പിക്കുമ്പോൾ അവരെ കീഴടക്കിയ യൂറോപ്യൻ ചാംപ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിലെത്തി. ഞായറാഴ്ച സിഡ്നിയിൽ ഇംഗ്ലണ്ട് – സ്പെയിൻ ഫൈനൽ. ശനിയാഴ്ച ബ്രിസ്ബെയ്നിൽ 3–ാം സ്ഥാന മത്സരത്തിൽ ഓസ്ട്രേലിയ സ്വീഡനെ നേരിടും.
ലോകകപ്പ് കാണികളുടെ കണക്കിൽ ഇതിനകം തന്നെ റെക്കോർഡുകൾ മറികടന്ന ഓസ്ട്രേലിയയിൽ, സെമിഫൈനലിനെത്തിയത് 75,784 കാണികളാണ്. ഓസ്ട്രേലിയയുടെ സൂപ്പർ താരം സാം കെർ തുടക്കം മുതൽ കളത്തിലിറങ്ങിയത് അവർക്കു നൽകിയത് അതിരില്ലാത്ത ആവേശമാണ്. പക്ഷേ, ഭാഗ്യം മാത്രം അവർക്കൊപ്പമുണ്ടായില്ല.
ഇല ടൂണിയുടെ ഗോളിൽ 36–ാം മിനിറ്റിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. 63–ാം മിനിറ്റിൽ സാം കെറിലൂടെ ഓസ്ട്രേലിയ ഗോൾ മടക്കിയപ്പോൾ ഗാലറികൾ ഇളകി മറിഞ്ഞു. അതോടെ ആതിഥേയർക്കു പ്രതീക്ഷയായി. എന്നാൽ, 71–ാം മിനിറ്റിൽ ലോറൻ ഹെംപും ഇൻജറി ടൈമിന്റെ 4–ാം മിനിറ്റിൽ അലീസ റൂസ്സോയും ഇംഗ്ലണ്ടിനായി 2 ഗോളുകൾകൂടി നേടി. അതോടെ, കഴിഞ്ഞ 2 ലോകകപ്പുകളിലും സെമിയിൽ തോറ്റു പുറത്തായ ചരിത്രമുള്ള ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് (3–1). ഇംഗ്ലണ്ടിനൊപ്പം സ്പെയിനും വനിതാ ലോകകപ്പ് ഫൈനൽ കളിക്കുന്നത് ആദ്യമായാണ്.
English Summary: Women's World Cup final on Sunday