കാലുറപ്പിക്കാൻ കൗമാരപ്പട; പുതിയ സീസണിൽ ലോകം ഉറ്റുനോക്കുന്ന താരങ്ങള്
Mail This Article
ക്ലബ്ബ് ഫുട്ബോളിൽ പുതിയൊരു സീസണിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിഹാസ താരങ്ങളുടെ കൂടുമാറ്റം യൂറോപ്യൻ ലീഗുകളോടൊപ്പം തന്നെ ഇത്തവണ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. എന്നാൽ പ്രീമിയർ ലീഗിന്റെയും ലാ ലിഗയുടെയുമൊന്നും പ്രതാപം അത്രവേഗം തകർക്കാനാവുന്നതല്ലെന്ന് ഫുട്ബോൾ പ്രേമികൾ അടിവരയിട്ടു പറയുന്നു. താരങ്ങളുടെ മൂല്യം നിർണയിക്കുന്നതിൽ ഇനിയും ഏറെക്കാലം വലിയ സ്വാധീനശക്തിയായി യൂറോപ്യൻ ലീഗുകൾ തുടരുമെന്ന കാര്യത്തിലും സംശയമില്ല. അതുകൊണ്ട് തന്നെ ഈ ലീഗുകളിലെല്ലാം നടപ്പ് സീസണിൽ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരുപിടി യുവതാരങ്ങളുണ്ട്. വരും വർഷങ്ങളിൽ ഫുട്ബോൾ എന്ന കായിക വിനോദത്തിന്റെ മുഖമായി മാറാൻ സാധ്യതയുള്ള താരങ്ങൾ. അവരിൽ ചിലരെ പരിചയപ്പെടാം.
കോബി മൈനൂ
ഇതിഹാസ താരങ്ങളുടെ ഈറ്റില്ലമായിരുന്ന ഓൾഡ് ട്രാഫഡിൽ നിന്ന് അതേ പാതയിൽ സഞ്ചരിക്കുകയാണ് 18 വയസ്സുകാരൻ കോബി മൈനൂ. ഇംഗ്ലണ്ട് ദേശീയ യൂത്ത് ടീമുകളിൽ സജീവ സാന്നിധ്യമാണ് മധ്യനിരയിലും വിങ്ങുകളിലും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന താരം. മൈതാനത്തെ അതിവേഗ കുതിപ്പും അസാധാരണമായി ഡ്രിബിളുകളുമാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്. 2022ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ കോബി, കഴിഞ്ഞ സീസണിൽ തന്നെ ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ചുവപ്പ് കുപ്പായത്തിൽ അരങ്ങേറ്റവും കുറിച്ചു. പുതിയ സീസണിന് മുന്നോടിയായി യുഎസിൽ നടന്ന പ്രീ-സീസൺ ടൂറിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ കോബി അംഗമായിരുന്നു. നിലവിൽ പരുക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും താരത്തിന്റെ മടങ്ങിവരവും മിന്നും പ്രകടനവും കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.
ലാമിൻ യാമൽ
ബാഴ്സ കുപ്പായത്തിൽ പന്ത് തട്ടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിനുടമയാണ് ലാമിൻ യാമൽ. 15 വയസും 9 മാസവും മാത്രം പ്രായമുള്ളപ്പോഴാണ് ഈ വർഷം ഏപ്രിലിൽ യാമൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇടംകാലിൽ മാന്ത്രികതകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഈ മുന്നേറ്റ താരത്തിൽ ബാഴ്സയ്ക്ക് മാത്രമല്ല ലോകഫുട്ബോളിനും പ്രതീക്ഷകളെറെയാണ്. മധ്യനിരയിലും വിങ്ങുകളിലും കളിക്കാൻ സാധിക്കുന്ന താരമാണ് യാമൽ. അതിവേഗത്തിലുള്ള ഫുട്വർക്കും കൃത്യമായ ധാരണയും ക്യാംപ് നൗവിന്റെ മറ്റൊരു പ്രിയപ്പെട്ടവനായി യാമലിനെ മാറ്റികഴിഞ്ഞു. ഈ വർഷമാദ്യമാണ് ബാർസിലോന ബി ടീമിന്റെ ഭാഗമായി താരമെത്തുന്നത്. ചാവിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ സീനിയർ ടീമിലേക്കും പ്രവേശനം സാധ്യമാക്കി. ഇതുവരെയുള്ള പ്രകടനങ്ങൾ താരത്തിൽ നൽകുന്ന പ്രതീക്ഷ വലുതാണ്.
മാത്തിസ് ടെൽ
ബുന്ദസ് ലിഗയിൽ വമ്പന്മാരായ ബയൺ മ്യൂണിക്കിനൊപ്പമാണ് പതിനെട്ടുകാരൻ മാത്തിസ് ടെൽ പന്ത് തട്ടുന്നത്. ഫ്രഞ്ച് യൂത്ത് ടീമുകൾക്കുവേണ്ടി നടത്തിയ മിന്നും പ്രകടനവും റെന്നെസിലെ മികവുമാണ് താരത്തെ 2022ൽ ബയണിലെത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ ബയണിന്റെ മധ്യനിരയിൽ നിർണായക സാനിധ്യമായ ടെൽ 22 മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകളും സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ താളം കണ്ടെത്താനും അത് നിയന്ത്രിക്കാനും സാധിക്കുന്നു എന്നതാണ് ടെല്ലിന്റെ മികവായി വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. മധ്യനിരയിൽ ശാന്തനായി നിന്നുകൊണ്ട് കളി മെനയാൻ സാധിക്കുന്ന താരം മുന്നേറ്റത്തിലും ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
അർദ ഗുലർ
റയൽ മഡ്രിഡ് ഇത്തവണ സ്വന്തം തട്ടകത്തിലെത്തിച്ച യുവ പ്രതിഭയാണ് അർദ ഗുലർ. മധ്യനിരയിൽ കളിമെനയുക എന്ന ദൗത്യമായിരിക്കും തുർക്കിക്കാരന് സാന്റിയാഗോയിലുള്ളത്. ഇടംകാലിൽ പന്തുമായി എതിരാളികളുടെ ഗോൾമുഖത്തേക്ക് അതിവേഗം കുതിക്കാനും ഗോളവസരങ്ങൾ അനായാസം സൃഷ്ടിക്കാനും സാധിക്കുന്ന ഗുലറിൽ റയൽ തങ്ങളുടെ ഭാവി കാണുന്നുണ്ടെന്നുവേണം പറയാൻ. തുർക്കി ദേശീയ ടീമിലും കളിച്ച താരം വെയ്ൽസിനെതിരെ ദേശീയ സീനിയർ കുപ്പായത്തിൽ തന്റെ ആദ്യ ഗോളും സ്വന്തമാക്കിയിരുന്നു. അതേസമയം സീസണിന്റെ തുടക്കത്തിൽ പരുക്ക് ഗുലറിനും വെല്ലുവിളിയാണ്. കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമാണെങ്കിലും കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമം അനിവാര്യമാണ്.
ജെയിംസ് ട്രഫോർഡ്
ഇംഗ്ലിഷ് ഫുട്ബോളിന്റെ ഗോൾ വലയ്ക്ക് മുന്നിൽ വരും വർഷങ്ങളിൽ ഈ 21 വയസ്സുകാരനെ കാണുന്നവർ ഏറെയുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ കണ്ടെത്തലായ ട്രഫോർഡ് ഇത്തവണ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ബേൺലിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറാണ്. ഗോൾമുഖത്തെ ചടുലമായ നീക്കങ്ങളെ കൃത്യമായ ദീർഘവീക്ഷണത്തോടും നെഞ്ചുറപ്പോടും തടയാൻ സാധിക്കുന്ന താരമാണ് ട്രഫോർഡ്. യൂത്ത് ടീമുകളിലെ മിന്നും പ്രകടനങ്ങൾ വ്യക്തമാക്കുന്നതും അതുതന്നെ. ലീഗിലെ ഉദ്ഘാടന മത്സരത്തിലും ട്രഫോർഡിന്റെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിരുന്നു. സീസണിൽ ബേൺലിയിൽ നിർണായക സാന്നിധ്യമാകാൻ താരത്തിന് സാധിക്കുമെന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.
English Summary: Young talents in club football