ഖത്തർ ലോകകപ്പിലെ ഹീറോ യാസീൻ ബോണോ അൽ ഹിലാലിൽ, ട്രാൻസ്ഫർ ഫീ 2.2 കോടി യൂറോ
Mail This Article
റിയാദ് ∙ മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോണോ സൗദി ക്ലബ്ബായ അൽ ഹിലാലിൽ. സ്പാനിഷ് ക്ലബ് സെവിയ്യയിൽ നിന്നാണ് ബോണോ സൗദി പ്രൊ ലീഗിലെത്തുന്നത്. മൂന്നു വർഷത്തേക്കാണ് കരാർ. ട്രാൻസ്ഫർ ഫീ 2.2 കോടി യൂറോ (ഏകദേശം 198 കോടി രൂപ).
മുപ്പത്തിരണ്ടുകാരനായ ബോണോ സെവിയ്യയ്ക്കൊപ്പം 2 യൂറോപ്പ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മൊറോക്കോയെ സെമിഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ ദിവസം അൽ ഹിലാൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറെയും ടീമിലെത്തിച്ചിരുന്നു.
റോമിയോ ലാവിയ ചെൽസിയിൽ
ലണ്ടൻ ∙ സതാംപ്ടൻ ക്ലബ്ബിന്റെ പത്തൊൻപതുകാരൻ ഡിഫൻസീവ് മിഡ്ഫീൽഡർ റോമിയോ ലാവിയയെ സ്വന്തമാക്കി ചെൽസി. 7 വർഷം നീളുന്നതാണ് ബൽജിയം താരവുമായുള്ള കരാർ. കൈമാറ്റത്തുക 7.4 കോടി യുഎസ് ഡോളർ (ഏകദേശം 615 കോടി രൂപ).
ലിവർപൂളിലേക്ക് വതാരു എൻഡോ
ലണ്ടൻ ∙ ജാപ്പനീസ് ഡിഫൻസീവ് മിഡ്ഫീൽഡർ വതാരു എൻഡോയെ ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ സ്വന്തമാക്കി. മുപ്പതുകാരനായ എൻഡോ ജർമൻ ക്ലബ് സ്റ്റുട്ഗർട്ടിന്റെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ സീസണിൽ ക്ലബ്ബിനു വേണ്ടി 33 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടി. ഖത്തർ ലോകകപ്പിൽ ജപ്പാനു വേണ്ടി 5 മത്സരങ്ങളിലും കളിച്ചു.
English Summary: Yaseen Bono in Al Hilal