ഗോളടിച്ച് ഓൾഗ; വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി, സ്പെയിന് കന്നിക്കിരീടം
Mail This Article
സിഡ്നി∙ വനിതാ ലോകകപ്പ് കിരീടമുയർത്തി സ്പെയിൻ. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ കീഴടക്കിയത്. 29–ാം മിനിറ്റിൽ ഓൾഗ കർമോനയുടെ ഗോളിലാണു സ്പെയിൻ മുന്നിലെത്തിയത്. സ്പാനിഷ് വനിതാ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടമാണിത്.
ആദ്യ പകുതിയിൽ തന്നെ രണ്ടാം ഗോൾ നേടാൻ സ്പെയിന് അവസരമുണ്ടായിരുന്നെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. സൽമ പാരല്ലുവെലോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. 69–ാം മിനിറ്റിൽ ഇംഗ്ലിഷ് താരം കെയ്റ വാൽഷിന്റെ ഹാൻഡ് ബോളിന്റെ പേരില്‍ സ്പെയിന് പെനൽറ്റി കിക്ക് ലഭിച്ചിരുന്നു. എന്നാൽ ജെന്നിഫർ ഹെർമോസോയുടെ ഷോട്ട് ഇംഗ്ലിഷ് ഗോളി പ്രതിരോധിച്ചു നിർത്തി.
ഇംഗ്ലണ്ട് ഗോൾ കീപ്പർ മേരി എർപ്സിന്റെ തകർപ്പന്‍ സേവുകളാണ് കൂടുതൽ ഗോളുകൾ നേടുന്നതിൽനിന്ന് സ്പെയിനെ തടഞ്ഞുനിർത്തിയത്. മത്സരത്തിൽ പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും മുൻതൂക്കം സ്പെയിനായിരുന്നു. അഞ്ച് ഓൺ ടാർഗെറ്റ് ഷോട്ടുകളാണ് ഇംഗ്ലണ്ട് ഗോള്‍ പോസ്റ്റ് ലക്ഷ്യമിട്ട് തൊടുത്തുവിട്ടത്. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് താരങ്ങൾ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. കിരീട നേട്ടത്തോടെ ജർമനിക്കു ശേഷം പുരുഷ, വനിതാ ലോകകപ്പുകൾ വിജയിക്കുന്ന ടീമായി സ്പെയിൻ മാറി.
English Summary : England vs Spain, Women's World Cup Football Final