മാള്‍ട്ട ക്ലബ്ബിൽ പന്തു തട്ടാൻ കോഴിക്കോട്ടുകാരന്, എംഡിന നൈറ്റ്സ് എഫ്സിയിൽ കളിക്കും
Mail This Article
കോഴിക്കോട്∙ പണ്ട് തിരുവങ്ങൂർ സ്കൂളിന്റെ മുറ്റത്ത് പന്തുതട്ടിക്കളിച്ച കാലുകൾ ഇനി യൂറോപ്യൻ രാജ്യമായ മാൾട്ടയിലെ പ്രഫഷനൽ ഫുട്ബോൾ ലീഗിൽ പന്തുതട്ടും. കാപ്പാട് സ്വദേശി ഷംസീർ മുഹമ്മദാണ് മാൾട്ട രണ്ടാം ഡിവിഷൻ ലീഗിൽ കളിക്കുന്ന എംഡിന നൈറ്റ്സ് എഫ്സിയുമായി കരാറൊപ്പിട്ടത്. മാൾട്ട പ്രഫഷനൽ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഷംസീർ.
കാട്ടിലപ്പീടിക കണ്ണൻ കടവ് റോഡിൽ പള്ളിയറ ക്ഷേത്രത്തിനു സമീപം ജന്നത്ത് ഹൗസിൽ എൻ.പി.ഷാഫിയുടെയും റസീന ഷാഫിയുടെയും മകനാണ് ഷംസീർ. ചേമഞ്ചേരി പഞ്ചായത്ത് അംഗമാണ് റസീന.മലയാളികൾ സ്ഥാപിച്ച എഡക്സ് കിങ്ങ്സ് എഫ്സിക്കുവേണ്ടി അമേച്ച്വർ ലീഗിൽ കളിക്കാനായാണ് ഷംസീർ മാൾട്ടയിലെത്തിയത്. മികച്ച പ്രകടനമാണ് ഷംസീറിന് പ്രധാന ടീമിലേക്കുള്ള വഴി തുറന്നത്.
തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ ടീമിലാണ് ഷംസീർ കളിക്കാൻ തുടങ്ങിയത്. യൂണിവേഴ്സൽ സോക്കർ സ്കൂളിൽ പരിശീലനം നേടി. കേരളാ പ്രീമിയർ ലീഗിൽ ക്വാർട്സ് സോക്കറിനുവേണ്ടി കളിച്ചു. നാലുവർഷം ജില്ലാ ടീമിന്റെ ഭാഗമായി. ജില്ലാ ലീഗിൽ ഗുരുവായൂരപ്പൻ കോളജിന്റെ താരമായിരുന്നു.
കൂടുതൽ മലയാളി താരങ്ങളെ വിദേശ കളികളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്ലബ്ബ് ചെയർമാൻ ലിഗൊ ജോണും പ്രസിഡന്റ് വിബിൻ സേവ്യറും പറഞ്ഞു. ദുബായ് മൂന്നാം ഡിവിഷനിലെ ഡി ഗാർഡൻസ് ക്ലബ്ബുമായി ചേർന്ന് എഡക്സ് മലയാളി കളിക്കാരെ പരിശീലനം നൽകി വളർത്തിയെടുക്കും.
English Summary: Shamseer Mohammed to play for Malta second division club