ചുംബന വിവാദത്തില്‍ കുരുങ്ങി, സ്പാനിഷ് ഫുട്ബോൾ മേധാവി രാജി വയ്ക്കും; ഫിഫ നടപടി വേറെ
Mail This Article
മഡ്രിഡ്∙ ചുംബന വിവാദത്തിൽ പെട്ട സ്പാനിഷ് ഫുട്ബോൾ മേധാവി ലുയിസ് റുബിയാലസ് രാജി വയ്ക്കും. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം റുബിയാലസ് വെള്ളിയാഴ്ച രാജി വയ്ക്കുമെന്നാണു പുറത്തുവരുന്ന വിവരം. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും, മന്ത്രിമാരും റുബിയാലസിനെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. സംഭവം രാജ്യാന്തര തലത്തിൽ തന്നെ സ്പെയിനു നാണക്കേടായതോടെയാണ് ഫുട്ബോൾ തലവന്റെ രാജിക്ക് വഴിയൊരുങ്ങിയത്.
റുബിയാലസിനെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങൾ ഫിഫ തുടങ്ങിയിട്ടുണ്ട്. വനിതാ ഫുട്ബോൾ ലോകകപ്പ് വിജയിച്ച് മെഡൽ സ്വീകരിക്കാനെത്തിയ സ്പെയിൻ താരങ്ങളെ ഓരോരുത്തരെയായാണ് റുബിയാലസ് ആവേശഭരിതനായി ചുംബിച്ചത്. ടീമിലെ പ്രധാന താരങ്ങളിലൊരാളായ ജെന്നിഫർ ഹെർമോസെയെ റുബിയാലസ് ചുണ്ടിൽ ചുംബിച്ചതാണ് കൂടുതൽ വിവാദമായത്.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, സ്പെയിൻ രാജ്ഞി ലെറ്റീഷ്യ, രാജകുമാരി സോഫിയ എന്നിവർ നോക്കിനിൽക്കുമ്പോഴായിരുന്നു റുബിയാലസിന്റെ ആവേശപ്രകടനം. സ്പെയിനിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ റുബിയാലസിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. വിജയാഹ്ലാദത്തിലുള്ള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു തന്റേതെന്ന് റുബിയാലസ് ആദ്യം ന്യായീകരിച്ചെങ്കിലും പിന്നീട് സംഭവം വിവാദമായതോടെ മാപ്പു പറയുകയായിരുന്നു.
English Summary: Spanish FA chief Luis Rubiales to resign after FIFA opens disciplinary proceedings