ചുംബന വിവാദം:റുബിയാലസ് കുറ്റക്കാരൻ, സസ്പെൻഷനുമായി ഫിഫ; പുറത്താക്കാതെ കളിക്കില്ലെന്ന് താരങ്ങൾ
Mail This Article
ബാർസിലോന ∙ വനിതാ ലോകകപ്പ് സമ്മാനച്ചടങ്ങിലെ ചുംബന വിവാദത്തിൽ സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസിനെ ഫിഫ 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ഫിഫ അച്ചടക്ക സമിതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ റുബിയാലസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ചുംബന വിവാദത്തിൽ താൻ രാജിവയ്ക്കില്ലെന്നു റുബിയാലസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ റുബിയാലസിനെതിരെ സ്പെയിൻ പ്രധാനമന്ത്രിയും ദേശീയ താരങ്ങളും ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രാത്രി സ്പാനിഷ് സോക്കർ ഫെഡറേഷൻ അടിയന്തര യോഗം ചേർന്നു.
വിവിധ പ്രവിശ്യകളിലെ സോക്കർ ഫെഡറേഷൻ പ്രതിനിധികളും റുബിയാലസും യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിനു ശേഷവും രാജിവയ്ക്കാൻ റുബിയാലസ് തയാറായില്ല. ഇതിനു പിന്നാലെയാണ് ഫിഫയുടെ നടപടി. വനിതാ ലോകകപ്പ് സമ്മാനദാനച്ചടങ്ങിനിടെ നാൽപത്തിയാറുകാരനായ റുബിയാലസ് സ്പെയിൻ താരങ്ങളെ കെട്ടിപ്പിടിച്ചു ചുംബിച്ചിരുന്നു.
സംഭവം വിവാദമായതോടെ റുബിയാലസ് പരസ്യമായി മാപ്പുചോദിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തു നിന്ന് റുബിയാലസിനെ മാറ്റാതെ ഇനി ദേശീയ ടീമിൽ കളിക്കില്ലെന്ന് ഒട്ടേറെ താരങ്ങൾ നിലപാടെടുത്തു. എന്നിട്ടും രാജി വയ്ക്കാൻ തയാറാകാതെ വന്നതോടെയാണ് ഫിഫ ഇടപെട്ട് റുബിയാലസിനെ സസ്പെൻഡ് ചെയ്തത്.
English Summary: FIFA ban against Luis Rubialus