പെലെയെ പിന്നിലാക്കി നെയ്മാർ, ഗോൾ നേട്ടത്തിൽ ഒന്നാമൻ; ബ്രസീലിന് വമ്പൻ വിജയം
Mail This Article
റിയോ ഡി ജനീറോ ∙ നാട്ടിലേക്കുള്ള വരവ് ആഘോഷമാക്കുന്നതാണ് നെയ്മാറിന്റെ പതിവ്. ഇത്തവണയും അതിനു മാറ്റമില്ല. രാജ്യത്തിനു വേണ്ടിയുള്ള ഗോൾനേട്ടത്തിൽ നെയ്മാർ ഇതിഹാസതാരം പെലെയെ മറികടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്ക്കെതിരെ ബ്രസീലിന് വൻജയം (5–1). 61, 90+3 മിനിറ്റുകളിലായിരുന്നു നെയ്മാറിന്റെ ഗോളുകൾ.
125 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നെയ്മാർക്ക് 79 ഗോളുകളായി. പെലെയ്ക്ക് 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ. തീരനഗരമായ ബെലെമിലെ മംഗ്വെയ്റാവോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മഡ്രിഡ് താരം റോഡ്രിഗോയും (24, 53 മിനിറ്റുകൾ) ബ്രസീലിനായി ഇരട്ടഗോൾ നേടി.
80 ശതമാനം പന്തവകാശവും 21 ഷോട്ടുകളുമായി കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് ബ്രസീലിനു നേടാനായത്. 17–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി നെയ്മാർ നഷ്ടമാക്കിയതും ബ്രസീലിനു നിർഭാഗ്യമായി. എന്നാൽ 47–ാം മിനിറ്റിൽ റാഫിഞ്ഞ ടീമിന്റെ 2–ാം ഗോൾ നേടിയതോടെ ബൊളീവിയയുടെ ചെറുത്തുനിൽപ് അവസാനിച്ചു.
ഗോൾകീപ്പർ വിസ്കാരയുടെ സേവുകളാണ് ബൊളീവിയയെ ഇതിലും വലിയ തോൽവിയിൽ നിന്നു കാത്തത്. 78–ാം മിനിറ്റിൽ വിക്ടർ അബ്രെഗോയാണ് അവരുടെ ആശ്വാസഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ യുറഗ്വായ് 3–1ന് ചിലെയെ തോൽപിച്ചു. പുതിയ കോച്ച് മാർസലോ ബിയെൽസയുടെ കീഴിൽ യുറഗ്വായുടെ ആദ്യജയമാണ് ഇത്.
English Summary: Neymar beats Pele’s record to become Brazil’s top scorer