ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത് ജ്യോതിഷി? പ്രതിഫലം 15 ലക്ഷം; തന്ത്രങ്ങളിലും ഇടപെട്ടു
Mail This Article
ന്യൂഡൽഹി∙ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ജ്യോതിഷിയുടെ സഹായം തേടിയതായി ദേശീയ മാധ്യമങ്ങൾ. ഡൽഹിയിലെ ജ്യോതിഷിയായ ഭൂപേഷ് ശർമയുടെ സഹായത്തോടെയാണ് ഇന്ത്യൻ പരിശീലകൻ പ്ലേയിങ് ഇലവനെ കണ്ടെത്തിയതെന്ന് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറിയായിരുന്ന കുശാല്‍ ദാസ് വെളിപ്പെടുത്തി. ഇതിനായി ക്രൊയേഷ്യക്കാരനായ പരിശീലകനു ജ്യോതിഷിയെ പരിചയപ്പെടുത്തിക്കൊടുത്തത് ഓൾ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ്.
2022 മേയിലാണ് സ്റ്റിമാച്ചിന് ജ്യോതിഷിയെ പരിചയപ്പെടുത്തിയതെന്ന് കുശാല്‍ ദാസ് പ്രതികരിച്ചു. അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ കളിക്കാനുള്ള താരങ്ങളുടെ പട്ടിക ഇന്ത്യൻ പരിശീലകൻ ജ്യോതിഷിക്കു കൈമാറുകയായിരുന്നു. ജൂൺ 11നു നടക്കേണ്ട മത്സരത്തിനായി താരങ്ങളുടെ പേരുകൾ ഒൻപതാം തീയതിയാണ് സ്റ്റിമാച്ച് നൽകിയത്. താരങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് ‘നല്ലത്’, ‘നന്നായി കളിക്കും’, ‘അമിത ആത്മവിശ്വാസം മാറ്റണം’, ശരാശരി, ‘ഇന്ന് കളിപ്പിക്കരുത്’ തുടങ്ങിയ ഉപദേശങ്ങൾ ജ്യോതിഷി നൽകി. ജ്യോതിഷിയുടെ ഉപദേശ പ്രകാരം രണ്ടു പ്രധാന താരങ്ങളെ ടീമിൽനിന്ന് ഒഴിവാക്കിയെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യ 2–1നാണു വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് മുതൽ ജൂൺ വരെ നാല് മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ജോര്‍ദാൻ, കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ടീമുകൾക്കെതിരെയായിരുന്നു ഇത്. ഓരോ കളിക്കു മുൻപും താരങ്ങളെ തിരഞ്ഞെടുക്കാൻ ജ്യോതിഷി ഇന്ത്യൻ ടീം മാനേജ്മെന്റിനെ സഹായിച്ചു. താരങ്ങളുടെ പരുക്ക്, സബ്സ്റ്റിറ്റ്യൂഷൻ തന്ത്രങ്ങൾ എന്നിവയിലും ജ്യോതിഷി ഇടപെട്ടെന്നാണു വിവരം. ഹോങ്കോങ്ങിനെ തോൽപിച്ചാണ് ഇന്ത്യ ഏഷ്യൻ കപ്പ് ടൂർണമെന്റിനു യോഗ്യത ഉറപ്പിച്ചത്.
12 മുതൽ 15 ലക്ഷം രൂപ വരെയാണ് രണ്ടു മാസത്തെ ‘സേവനത്തിന്’ ജ്യോതിഷിക്ക് എഐഎഫ്എഫ് നൽകിയ പ്രതിഫലം. ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടിയതിനാൽ അതു വലിയ തുകയായി തോന്നുന്നില്ലെന്നും കുശാൽ ദാസ് വെളിപ്പെടുത്തി. ഇഗോർ സ്റ്റിമാച്ചും ജ്യോതിഷിയും മത്സരങ്ങൾക്കു ശേഷം സംസാരിച്ച കാര്യങ്ങളെക്കുറിച്ചു തനിക്കു വ്യക്തതയില്ലെന്നും കുശാല്‍ ദാസ് പറഞ്ഞു.
English Summary: Indian football coach Igor Stimac picked team on astrologer's advice