ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചുമായുള്ള കരാർ ഇന്ത്യ പാതിയിൽ അവസാനിപ്പിക്കുമെന്നു സൂചന. ജ്യോതിഷി വിവാദം ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) അതൃപ്തിക്കു കാരണമായ സ്റ്റിമാച്, ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ അനുഗമിക്കാൻ സാധ്യതയില്ലെന്നാണു വിവരം. കഴിഞ്ഞ വർഷത്തെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കിടെ ടീമിന്റെ വിവരങ്ങൾ ജ്യോതിഷിയുമായി പങ്കുവച്ചെന്ന വെളിപ്പെടുത്തൽ ഏറെ വിവാദമായിരിക്കുകയാണ്. സ്റ്റിമാച്ചുമായുള്ള കരാർ അവസാനിപ്പിക്കുന്നതു ഫെഡറേഷൻ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണു വിവരം.

ഏഷ്യൻ ഗെയിംസ് ടീമിലേക്കു താരങ്ങളെ വിട്ടുനൽകാൻ ഐഎസ്എൽ ക്ലബ്ബുകൾ തയാറാകാത്തതിനെതിരെ സ്റ്റിമാച്ച് പരസ്യമായി പ്രതിഷേധമുയർത്തിയിരുന്നു. ഇന്ത്യൻ ഫുട്ബോളിനു തന്റെ സഹായം ആവശ്യമുണ്ടെങ്കിൽ പല സത്യങ്ങളും പറയേണ്ടതുണ്ടെന്നായിരുന്നു സ്റ്റിമാച്ചിന്റെ വാക്കുകൾ. ഇതിനു പിന്നാലെ കരാർ വ്യവസ്ഥകളുടെ ലംഘനം നടത്തിയെന്നു കാണിച്ച് സ്റ്റിമാച്ചിനു അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നോട്ടിസ് നൽകിയിരുന്നു.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് വരെയാണു ഇഗോർ സ്റ്റിമാച്ചിന്റെ കരാർ. കഴിഞ്ഞ ഒക്ടോബറിലാണു കരാർ നീട്ടിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ഏഷ്യാ കപ്പുമെല്ലാം അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്റ്റിമാച്ചിനെ ഒഴിവാക്കുന്നത് ഉചിതമല്ലെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും എഐഎഫ്എഫ് നേതൃത്വം ഇടഞ്ഞു നിൽക്കുകയാണ്.

English Summary : Igor Stimach may be removed from the position of national football team coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com