ഡയമന്റകോസ് തിരിച്ചെത്തി; രാഹുൽ, ജീക്സൺ, വിബിൻ ടീമിനൊപ്പം; ബ്ലാസ്റ്റേഴ്സ് സെറ്റ്!
Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആഹ്ലാദിക്കാൻ ദുബായിൽനിന്നൊരു സന്തോഷവാർത്ത. ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിനു ചുക്കാൻ പിടിക്കുന്ന ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ടീമിൽ തിരിച്ചെത്തി. ഡ്യുറാൻഡ് കപ്പ് ടൂർണമെന്റിനായുള്ള പരിശീലനത്തിനിടെ പരുക്കേറ്റതോടെ ഗ്രീസിലേക്കു മടങ്ങിയ താരമാണു ഡയമന്റകോസ്.
പരുക്കിൽ നിന്നു പൂർണമായും മോചിതനായില്ലെങ്കിലും ഐഎസ്എൽ കിക്കോഫിനു മുൻപേ താരം ക്യാംപിൽ തിരിച്ചെത്തിയതു ശുഭവാർത്തയാണ്. റിക്കവറി സെഷനുകൾക്കു ശേഷം വൈകാതെ ഡയമന്റകോസ് പരിശീലനം പുനരാരംഭിക്കും. മുൻ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായിരുന്നു ഡയമന്റകോസ്.
ഡയമന്റകോസിനു പുറമേ മലയാളി താരം കെ.പി.രാഹുൽ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും യുഎഇയിലെ ക്യാംപിൽ ഹാജരായിട്ടുണ്ട്. കിങ്സ് കപ്പിലും അണ്ടർ–23 എഎഫ്സി ഏഷ്യാ കപ്പിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന മിഡ്ഫീൽഡർ ജീക്സൺ സിങ്, സെന്റർ ബാക്ക് ഹോർമിപാം റൂയ്‌വ, മലയാളി മിഡ്ഫീൽഡർ വിബിൻ മോഹനൻ എന്നിവരാണ് അവസാന സന്നാഹമത്സരത്തിനു മുന്നോടിയായി ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്.
രണ്ടാം സന്നാഹ മത്സരത്തിൽ ഷാർജ എഫ്സിക്കെതിരെ വിജയം കണ്ട ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ടീമിന് ഉണർവേകിയിട്ടുണ്ട്. പുതിയ വിദേശതാരങ്ങളായ ജാപ്പനീസ് വിങ്ങർ ദെയ്‌സൂകി സകായ്, ഘാന സ്ട്രൈക്കർ ക്വാമേ പെപ്രെ എന്നിവർ ടീമുമായി ഒത്തിണങ്ങിയെന്ന വിലയിരുത്തലാണു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനുള്ളത്. ഇരുവരും ഗോൾ കണ്ടെത്തിയതും ഐഎസ്എലിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ കളത്തിലിറങ്ങുന്ന കേരള ടീമിനു ആത്മവിശ്വാസമേകുന്നു.
മൂന്നാം സന്നാഹമത്സരം ഇന്ന്
ഷബാബ് അൽ അഹ്‌ലി ക്ലബ്ബിനെതിരെയാണ് ഇന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാന സന്നാഹമത്സരം. യുഎഇ പ്രൊ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് അഹ്‌ലി. ആദ്യ രണ്ടു മത്സരങ്ങളിലായി റിസർവ് ഗോൾകീപ്പർമാർ ഒഴികെയുള്ള എല്ലാവർക്കും കളത്തിലിറങ്ങാൻ അവസരം നൽകിയ ബ്ലാസ്റ്റേഴ്സ് ഇന്നു രാഹുലും ജീക്സണും ഉൾപ്പെടെയുള്ളവരെ പരീക്ഷിച്ചേക്കും. നാളെ ടീം കൊച്ചിയിലേക്കു മടങ്ങും.
ഏഷ്യൻ ഗെയിംസ് ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിലെ വിങ്ങർമാരായ രാഹുലും ബ്രൈസ് മിറാൻഡയും ദേശീയ ടീമിന്റെ ക്യാംപിലേക്കാകും പോകുക.
English Summary: Dimitrios Diamantakos returns; Kerala Blasters all set for the upcoming ISL season