ADVERTISEMENT

മഡ്രിഡ് ∙ ഇൻജറി ടൈമിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനും ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനും വിജയച്ചിരി. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ ജർമൻ ക്ലബ് യൂണിയൻ ബർലിനെയും (1–0) ബയൺ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും (4–3) തോൽപിച്ചത് കളിയുടെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളിൽ.

ജൂഡ് ബെലിങ്ങാമാണ് റയലിന്റെ വിജയഗോൾ (90+4 മിനിറ്റ്) നേടിയത്. ബയൺ–യുണൈറ്റഡ് കളിയുടെ അവസാനം നാടകീയമായിരുന്നു. 88–ാം മിനിറ്റു വരെ 3–1നു മുന്നിൽ നിന്ന ബയണിന് കാർലോസ് കസീമിറോയുടെ ഗോളിൽ യുണൈറ്റ‍ഡ് റെഡ് സിഗ്‌നൽ നൽകി. എന്നാൽ ഇൻജറി ടൈമിന്റെ തുടക്കത്തിൽ (90+2) മാത്തിസ് ടെൽ ബയണിന്റെ ലീഡുയർത്തി (4–2). മൂന്നു മിനിറ്റിനുള്ളിൽ കസീമിറോ വീണ്ടും യുണൈറ്റഡിനായി ലക്ഷ്യം കണ്ടെങ്കിലും പിന്നീട് സമനില ഗോൾ നേടാനുള്ള സമയം ഇംഗ്ലിഷുകാർക്കുണ്ടായില്ല. 

ചാംപ്യൻസ് ലീഗ് രണ്ടാം മാച്ച് ഡേയിൽ ഏറ്റവും വലിയ ജയം കുറിച്ചത് ഇംഗ്ലിഷ് ക്ലബ് ആർസനൽ. ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ 4–0നാണ് ഗണ്ണേഴ്സ് വീഴ്ത്തിയത്. 87–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസ് നേടിയ ഗോളിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ സ്പാനിഷ് ക്ലബ് റയൽ സോസിദാദിനെ സമനിലയിൽ പിടിച്ചു (1–1). ഗലട്ടസറെ– കോപ്പൻഹേഗൻ (2–2), സെവിയ്യ– ലെൻസ് (1–1) മത്സരങ്ങളും സമനിലയായി. 88–ാം മിനിറ്റിൽ സെൽഫ് ഗോളിൽ ഇറ്റാലിയൻ ക്ലബ് നാപ്പോളി പോർച്ചുഗീസ് ക്ലബ് ബ്രാഹയ്ക്കെതിരെ ജയം നേടി (2–1). ബെൻഫിക്കയെ അവരുടെ മൈതാനത്ത് 2–0നു വീഴ്ത്തി ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർഗ് മികച്ച തുടക്കം കുറിച്ചു.

English Summary : Real Madrid and Bayern Munich wins champions league football matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com