സന്തോഷ് ട്രോഫി ഫുട്ബോൾ: ഗോവ–1, കേരളം –0
Mail This Article
മഡ്ഗാവ് (ഗോവ)∙ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിലെ നിർണായകമായ അവസാന മത്സരത്തിൽ ഗോവയോട് തോൽവി വഴങ്ങി കേരളം (1–0). ഫൈനൽ റൗണ്ടിലെത്താൻ ഗോവയോട് സമനില മാത്രം മതിയായിരുന്നു കേരളത്തിന്. പക്ഷേ, അപ്രതീക്ഷിത തോൽവി കേരളത്തിനു തിരിച്ചടിയായി. ഇതോടെ നാലു കളികളിൽ നിന്ന് 10 പോയിന്റുമായി ഗോവ ഫൈനൽ റൗണ്ടിലെത്തി. 9 പോയിന്റുമായി കേരളം ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി.
6 ഗ്രൂപ്പുകളിലെ ചാംപ്യന്മാർക്കു പുറമേ മികച്ച 3 രണ്ടാം സ്ഥാനക്കാർക്കും ഫൈനൽ റൗണ്ടിലേക്കു പ്രവേശനമുണ്ട്. അക്കൂട്ടത്തിൽ കേരളം ഉൾപ്പെടുമോ എന്നറിയാൻ എല്ലാ ഗ്രൂപ്പുകളിലെയും മത്സരങ്ങൾ പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരും. പ്രാഥമിക റൗണ്ടിലെ 4 കളികളിൽ 3 വിജയവും മികച്ച ഗോൾ ശരാശരിയുമുള്ള (നേടിയത് 12 ഗോൾ, വഴങ്ങിയത് 2) കേരളം ഫൈനൽ റൗണ്ടിലെത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഡിസംബറിൽ അരുണാചൽ പ്രദേശിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ.
വിജയമെന്ന വികാരം മറന്ന് സമനില ലക്ഷ്യവുമായി കേരളം പൂർണമായി പ്രതിരോധത്തിലേക്കു പിൻവലിയുന്ന കാഴ്ചയായിരുന്നു മത്സരത്തിന്റെ ആദ്യ പകുതിയിൽ.
എന്നാൽ ഈ പിൻവലിയലിനു രണ്ടാം പകുതിയിൽ കനത്ത വില നൽകേണ്ടി വന്നു. 57–ാം മിനിറ്റിൽ ഗോവയുടെ സ്ട്രൈക്കർ ട്രിജോയ് സാവിയോ ഡയസ് കേരളത്തിന്റെ വലകുലുക്കി.
തിരിച്ചടിയിൽ പതറിയ കേരളം സമനിലയ്ക്കായി പിന്നീട് ആഞ്ഞുശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തിന്റെ ഗാലറി നിറച്ച കാണികളുടെ ആരവവും ആതിഥേയർക്കൊപ്പമായിരുന്നു.