ADVERTISEMENT

കൊച്ചി ∙ ‘വിലക്കും പരുക്കും’ – ഇന്നു രാവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ അലട്ടുന്നത് ഒരു പക്ഷേ, ഈ രണ്ടു വാക്കുകളായിരിക്കാം! പ്രതിരോധ നിരയിൽ പൊടുന്നനെ വീണ വിള്ളലിൽ ടീമിന് ആശങ്കയുണ്ട്. സീസണിൽ ആദ്യത്തെ അഗ്നിപരീക്ഷണമാണ് ബ്ലാസ്റ്റേഴ്സ് ഇന്നു നേരിടേണ്ടി വരിക. അതേസമയം, വിങ്ങുകളിലൂടെ കുതിച്ചു കയറാൻ ശേഷിയുള്ള യുവനിരയുടെ കരുത്തിലാണു നോർത്ത് ഈസ്റ്റ് കോച്ച് യുവാൻ പെഡ്രോ ബെനലിയുടെ പ്രതീക്ഷ. ഇന്നു രാത്രി എട്ടുമണിക്കു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണു മത്സരം. ജിയോ സിനിമ ആപ്, സ്പോർട്സ് 18 ചാനലുകളിൽ തത്സമയം.

അഴിച്ചുപണി അനിവാര്യം

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിലെ കയ്യാങ്കളിയുടെ പേരിൽ ചുവപ്പു കാർഡ് കണ്ടു പുറത്തായ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച് ഇന്നു മാത്രമല്ല, അടുത്ത 2 മത്സരങ്ങളിൽ കൂടി പുറത്തിരിക്കണം. പകരം, ഇറങ്ങേണ്ട സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചാകട്ടെ പരുക്കു ഭേദമായെങ്കിലും കളത്തിലിറങ്ങാൻ സജ്ജനായിട്ടില്ല. പരുക്കേറ്റ ലെഫ്റ്റ് ബാക്ക് ഐബൻഭ ദോലിങ്ങും കളത്തിനു പുറത്താണ്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ കയ്യാങ്കളിയിൽ ഉൾപ്പെട്ട റൈറ്റ് ബാക്ക് പ്രബീർ ദാസിനു 3 മത്സരവിലക്കുണ്ട്. പ്രതിരോധത്തിൽ മാത്രമല്ല, പ്രശ്നങ്ങൾ. തോളിനു പരുക്കേറ്റ മധ്യനിര താരം ജീക്സൺ സിങ് കളത്തിൽ മടങ്ങിയെത്താൻ 3 മാസമെങ്കിലുമെടുക്കും.

‘ഇന്ത്യൻ’ ഡിഫൻസ്

വിദേശ താരങ്ങളായ ഡ്രിൻസിച്ചിന്റെയും ലെസ്കോവിച്ചിന്റെയും അഭാവത്തിൽ പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ താരങ്ങളെ പൂർണമായി ആശ്രയിക്കേണ്ടി വരും. പ്രീതം കോട്ടാൽ, ഹോർമിപാം, സന്ദീപ് സിങ്, നവോച്ച സിങ്, പ്രബീർ ദാസ് എന്നിവരിൽ നിന്നാകും തിരഞ്ഞെടുപ്പ്. 

മധ്യനിരയിൽ പക്ഷേ, തിരഞ്ഞെടുക്കാൻ താരങ്ങളേറെയുണ്ട്. ‘‘ എന്താണ് എന്നെ കളിപ്പിക്കാത്തതെന്നു പലരും ഞങ്ങളോടു ചോദിക്കാറുണ്ട്. അവർക്കു വലിയ അവസരമാണു മുന്നിൽ’’ – സഹപരിശീലകൻ ഫ്രാങ്ക് ഡോവന്റെ വാക്കുകൾ.

∙ "കഴിഞ്ഞ മത്സരത്തിൽ മിലോസ് ഡ്രിൻസിച്ചിന്റെ പ്രതികരണം തെറ്റായിരുന്നു. എങ്കിലും, അദ്ദേഹത്തിനു ലഭിച്ച 3 മത്സര വിലക്ക് അൽപം കടന്നു പോയി. ടീം 1 –2 നു പിന്നിൽ. എതിരാളികൾ സമയം പാഴാക്കുന്നു. നിയന്ത്രണം വിട്ടുപോവുക സ്വഭാവികം. പക്ഷേ, എല്ലാവർക്കും ഇതൊരു പാഠമാണ്"
-ഫ്രാങ്ക് ഡോവൻ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ

English Summary:

Kerala Blasters to face Northeast United in ISL Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com