ഐലീഗ് കളറാക്കാൻ ഗോകുലം; പുതിയ ജഴ്സി പുറത്തിറക്കി, ടിക്കറ്റ് വിൽപന ആരംഭിച്ചു
Mail This Article
കോഴിക്കോട് ∙ രണ്ട് തവണ ഐലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി, വരാനിരിക്കുന്ന സീസണിലേക്കുള്ള തങ്ങളുടെ ഹോം, എവേ ജഴ്സികൾ ശനിയാഴ്ച കോഴിക്കോട്ട് പ്രകാശനം ചെയ്തു. ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. ഈ മാസം 28ന് പുതിയ ടീമായ ഇന്റർ കാശിക്ക് എതിരെയാണ് ഗോകുലം കേരള എഫ്സിയുടെ ആദ്യ കളി. സ്പാനിഷ് സ്ട്രൈക്കർ അലജാൻഡ്രോ സാഞ്ചസിനെ ഗോകുലം ക്യാപ്റ്റനായി പ്രഖ്യാപിച്ചു.
മൂന്നാം തവണയും ഐലീഗ് കിരീടം നേടി ഐഎസ്എല്ലിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് ടീം ടൂർണമെന്റിനു തയ്യാറെടുക്കുന്നത്. സ്പാനിഷ് കോച്ച് ഡൊമിംഗോ ഒറാമാസ് പരിശീലിപ്പിക്കുന്ന 25 അംഗ സ്ക്വാഡിൽ കേരളത്തിൽ നിന്നുള്ള 11 പേരും അഞ്ച് വിശിഷ്ട വിദേശ കളിക്കാരും ഉൾപ്പെടുന്നു. മത്സരത്തിനു മുന്നോടിയായി കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30 മുതൽ തൈക്കുടം ബ്രിഡ്ജിന്റെ സംഗീത വിരുന്ന് ഒരുക്കും. വൈകിട്ട് 7 മണിക്കാണ് കിക്കോഫ്. ആദ്യ മത്സരത്തിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും.
കൂടുതൽ വനിതാ ആരാധകരെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാനായി, ഗോകുലം കേരള എഫ്‌സിയുടെ മത്സരങ്ങൾക്കും സ്ത്രീകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഗോകുലംഎഫ്‌സി ഓഫീസിലും ഗോകുലം മാളിലെ ജികെഎഫ്‌സി മർച്ചൻഡൈസ് ഷോപ്പിലുംഗോകുലം ചിട്ടി ഫണ്ട് ഓഫീസുകളിലും ടിക്കറ്റുകൾ ലഭിക്കും. ഗാലറി 100 രൂപ, നോർത്ത്/സൗത്ത് ഗാലറി 75 രൂപ, വിദ്യാർഥികൾ: 50 രൂപ, വിഐപി 200 രൂപ, സീസൺ ടിക്കറ്റ് (വിഐപി) 2000 രൂപ, സീസൺ ടിക്കറ്റ് 1000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ജികെഎഫ്സി ഐലീഗ് സ്ക്വാഡ്
ഗോൾകീപ്പർമാർ: അവിലാഷ് പോൾ, ബിഷോർജിത് സിംഗ്, ദേവാൻഷ് ദബാസ്
ഡിഫൻഡർമാർ: അമീനൗ ബൗബ (കാമറൂൺ), അഖിൽ പ്രവീൺ, സലാം രഞ്ജൻ, അബ്ദുൾ ഹക്കു, അനസ് എടത്തൊടിക, വികാസ് സൈനി, നിധിൻ കൃഷ്ണ, മുഹമ്മദ് ഷഹീഫ്, രാഹുൽ ഖോഖർ, ജോൺസൺ സിംഗ്.
മിഡ്ഫീൽഡർമാർ: എഡു ബേഡിയ (സ്പെയിൻ), ബാസിത് അഹമ്മദ്, റിഷാദ് പിപി, ക്രിസ്റ്റി ഡേവിസ്, അഭിജിത്ത് കെ, നിലി പെർഡോമ (സ്പെയിൻ), കൊമ്റോൺ തുർസുനോവ് (താജിക്കിസ്ഥാൻ), ശ്രീക്കുട്ടൻ വിഎസ്, നൗഫൽ പിഎൻ, അസ്ഫർ നൂറാനി, സെന്തമിൽ എസ്.
ഫോർവേഡുകൾ: സൗരവ്, ഷിജിൻ ടി, അലജാൻഡ്രോ സാഞ്ചസ് ലോപ്പസ് (സ്പെയിൻ), ജസ്റ്റിൻ ഇമ്മാനുവൽ (നൈജീരിയ)