മഗ്വയറുടെ ഗോൾ, ഒനാനയുടെ സേവ്; ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം
Mail This Article
റോം ∙ 72–ാം മിനിറ്റിൽ ഹാരി മഗ്വയറുടെ ഗോൾ, ഇൻജറി ടൈമിൽ ആന്ദ്രെ ഒനാനയുടെ സേവ്; സ്ഥിരമായി ആരാധകരുടെ അപ്രീതിക്ക് ഇരയാവാറുള്ള രണ്ടു താരങ്ങൾ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അവസരത്തിനൊത്തുയർന്നു. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഡാനിഷ് ക്ലബ് കോപ്പൻഹേഗനെതിരെ സ്വന്തം മൈതാനത്ത് കഷ്ടപ്പെട്ടെങ്കിലും ഒടുവിൽ യുണൈറ്റഡ് വിലപിടിപ്പുള്ള വിജയം സ്വന്തമാക്കി.
കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെ കോപ്പൻഹേഗനു വേണ്ടി ജോർദാൻ ലാർസൻ എടുത്ത പെനൽറ്റി കിക്കാണ് കാമറൂൺ താരം ഒനാന ഒറ്റക്കൈ കൊണ്ടു തട്ടിയകറ്റിയത്. എ ഗ്രൂപ്പിൽ 2 തോൽവികൾക്കു ശേഷം യുണൈറ്റഡിന്റെ ആദ്യ ജയമാണിത്. മൂന്നാം സ്ഥാനത്താണ് ഇംഗ്ലിഷ് ക്ലബ് ഇപ്പോൾ. ഇന്നലെ തുർക്കി ക്ലബ് ഗലട്ടസറെയെ 3–1നു തോൽപിച്ച ബയൺ മ്യൂണിക്കാണ് 3 കളികളിൽ നിന്ന് 9 പോയിന്റുമായി ഒന്നാമത്. സെവിയ്യയെ 2–1നു തോൽപിച്ച ആർസനൽ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുന്നു.
ഇംഗ്ലിഷ് യുവതാരം ജൂഡ് ബെലിങ്ങാം ഗോളടി തുടർന്ന മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് ബ്രാഹയെ 2–1നു തോൽപിച്ച റയൽ മഡ്രിഡ് സി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു തുടരുന്നു. ബ്രസീലിയൻ താരം റോഡ്രിഗോയും റയലിനായി ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നാപ്പോളി 1–0ന് യൂണിയൻ ബർലിനെ തോൽപിച്ചു. ഡി ഗ്രൂപ്പിൽ ഇന്റർ മിലാൻ 2–1ന് സാൽസ്ബർഗിനെയും റയൽ സോസിദാദ് 1–0ന് ബെൻഫിക്കയെയും തോൽപിച്ചു.