യുവേഫ ചാംപ്യൻസ് ലീഗ്: യുണൈറ്റഡിനെ 4–3ന് വീഴ്ത്തി കോപ്പൻഹേഗൻ
Mail This Article
കോപ്പൻഹേഗൻ (ഡെൻമാർക്ക്) ∙ വെയ്ൻ റൂണിയുടെ ഗോളുകളിൽ എത്രയോ തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ മറ്റൊരു റൂണിയുടെ ഗോളിൽ തോൽക്കാനായി അവരുടെ വിധി!
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്നലെ യുണൈറ്റഡിനെ 4–3നു കോപ്പൻഹേഗൻ വീഴ്ത്തിയപ്പോൾ ഡെൻമാർക്ക് ക്ലബ്ബിന്റെ വിജയഗോൾ നേടിയത് പതിനേഴുകാരൻ റൂണി ബാർദ്ഗി. 87–ാം മിനിറ്റിലായിരുന്നു, അറബ് രാജ്യമായ കുവൈത്തിൽ ജനിച്ച ഈ റൂണിയുടെ വിജയഗോൾ. റാസ്മുസ് ഹോയ്‌ലൻഡിന്റെ ഇരട്ടഗോളിൽ (3, 28 മിനിറ്റുകൾ) കളി തുടങ്ങി അരമണിക്കൂറിനകം യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും ഹാഫ്ടൈമിനു തൊട്ടുമുൻപ് ഇരട്ടഗോളുകളുമായി കോപ്പൻഹേഗൻ തിരിച്ചടിച്ചു. 69–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും ലൂക്കാസ് ലിറേജർ (83), ബാർദ്ഗി (87) എന്നിവരുടെ ഗോളിൽ കോപ്പൻഹേഗൻ ജയം സ്വന്തമാക്കി. 42–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് സ്ട്രൈക്കർ മാർക്കസ് റാഷ്ഫഡ് പുറത്തായത് യുണൈറ്റഡിനു തിരിച്ചടിയായി.
ഗലട്ടസറെയെ 2–1നു തോൽപിച്ച ബയൺ മ്യൂണിക് ഒന്നാം സ്ഥാനവും നോക്കൗട്ടും ഉറപ്പിച്ചു. ഹാരി കെയ്നാണ് ബയണിന്റെ 2 ഗോളുകളും നേടിയത്. സി ഗ്രൂപ്പിൽ ബ്രാഹയെ 3–0നു തോൽപിച്ച റയൽ മഡ്രിഡും ഡി ഗ്രൂപ്പിൽ ബെൻഫിക്കയെ 3–1നു തോൽപിച്ച റയൽ സോസിദാദും ഗ്രൂപ്പിൽ 2 മത്സരങ്ങൾ വീതം ബാക്കിനിൽക്കെ തന്നെ പ്രീ ക്വാർട്ടറിലെത്തി. സാൽസ്ബർഗിനെ 1–0നു മറികടന്ന ഇന്റർ മിലാനും ഡി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിൽ കടന്നു.