കരളുറപ്പ് ! ഫുൾഹാമിനെതിരെ ലിവർപൂളിന് ആവേശജയം (4–3)
Mail This Article
ലണ്ടൻ ∙ പൊരുതി ജയിക്കുന്നതാണ് ലിവർപൂളിന് ഇഷ്ടം! 7 ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ കരളുറപ്പോടെ ഫുൾഹാമിനെ വീഴ്ത്തിയ (4–3) ചെമ്പട ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ രണ്ടാം സ്ഥാനത്തേക്കു കയറി. 88–ാം മിനിറ്റിൽ ട്രെന്റ് അലക്സാണ്ടർ അർനോൾഡാണ് ഹോം ഗ്രൗണ്ടായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ലിവർപൂളിന്റെ വിജയഗോൾ നേടിയത്. 87–ാം മിനിറ്റിൽ വതാരു എൻഡോയാണ് അവരുടെ സമനില ഗോൾ നേടിയത്. ഹാരി വിൽസൻ (24), കെന്നി ടെയ്റ്റ്, ബോബി ഡി കോർഡോവ റീഡ് (80) എന്നിവരാണ് ഫുൾഹാമിന്റെ സ്കോറർമാർ. 20–ാം മിനിറ്റിൽ ബെർണഡ് ലെനോയുടെ സെൽഫ് ഗോൾ കിട്ടിയ ലിവർപൂളിനായി 38–ാം മിനിറ്റിൽ അലക്സിസ് മക്അലിസ്റ്ററും സ്കോർ ചെയ്തു. ജയത്തോടെ ലിവർപൂളിന് 14 കളികളിൽ 31 പോയിന്റായി. 33 പോയിന്റുള്ള ആർസനലാണ് ഒന്നാമത്. ആർസനൽ ഇന്നലെ വോൾവർഹാംപ്ടനെ 2–1നു തോൽപിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1–0നു തോൽപിച്ച് ന്യൂകാസിൽ യുണൈറ്റഡ് 5–ാം സ്ഥാനത്തേക്കു കയറി. മാഞ്ചസ്റ്റർ യുണൈറ്റഡ് 7–ാം സ്ഥാനത്താണ്. 55–ാം മിനിറ്റിൽ ആന്തണി ഗോർഡൻ നേടിയ ഗോളാണ് സ്വന്തം മൈതാനമായ സെന്റ് ജയിംസ് പാർക്കിൽ ന്യൂകാസിലിന് വിജയമൊരുക്കിയത്. മാഞ്ചസ്റ്റർ ക്ലബ്ബിനെതിരെ എല്ലാ ചാംപ്യൻഷിപ്പുകളിലുമായി ന്യൂകാസിലിന്റെ തുടർച്ചയായ 3–ാം വിജയമാണിത്. 1922ലാണ് ന്യൂകാസിൽ ഇതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തുടരെ 3 ജയങ്ങൾ നേടിയിട്ടുള്ളത്.