ആർസനലിനെ 1–0ന് തോൽപിച്ച് ആസ്റ്റൻ വില്ല; ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി (2–1) ലിവർപൂൾ ഒന്നാമത്
Mail This Article
മാഞ്ചസ്റ്റർ ∙ വില്ല പാർക്കും ‘മാർട്ടിനെസ് മതിലും’ കടക്കാൻ ആർസനലിനും സാധിച്ചില്ല ! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ആർസനലിനെ 1–0ന് തകർത്ത ആസ്റ്റൻ വില്ല, പരാജയമറിയാതെ തുടർച്ചയായി 15 ഹോം മത്സരങ്ങൾ എന്ന നേട്ടം സ്വന്തമാക്കി. സ്വന്തം തട്ടകമായ വില്ല പാർക്കിൽ നടന്ന മത്സരത്തിൽ 7–ാം മിനിറ്റിൽ സ്കോട്ടിഷ് താരം ജോൺ മക്ഗിനാണ് വില്ലയുടെ വിജയഗോൾ നേടിയത്.
സമനില ഗോളിനു വേണ്ടി ആർസനൽ തുടരാക്രമണങ്ങൾ ആഴിച്ചു വിട്ടെങ്കിലും അർജന്റീനക്കാരനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ മറികടക്കാൻ അവർക്കു സാധിച്ചില്ല. പന്തടക്കത്തിലും പാസുകളിലും ബഹുദൂരം മുന്നിലായിരുന്ന ആർസനൽ 12 തവണ വില്ല പോസ്റ്റിലേക്കു ഷോട്ടുതിർത്തെങ്കിലും മാർട്ടിനെസ് ചെറുത്തുനിന്നു. ജയത്തോടെ 16 കളികളിൽ നിന്നു 35 പോയിന്റുമായി വില്ല മൂന്നാം സ്ഥാനത്തേക്കുയർന്നു.
∙ ഒന്നാമൻ ലിവർപൂൾ
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായ ആർസനൽ, ആസ്റ്റൻ വില്ലയോടു തോറ്റതോടെ ക്രിസ്റ്റൽ പാലസിനെതിരായ മത്സരം ജയിച്ച ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇൻജറി ടൈമിൽ (90+1) ഹാർവി എലിയറ്റ് നേടിയ ഗോളിലൂടെയാണ് ലിവർപൂൾ 2–1ന് ക്രിസ്റ്റൽ പാലസിനെ മറികടന്നത്. ജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് ലിവർപൂളിന് 37 പോയിന്റായി. ഇത്രയും മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള ആർസനലാണ് രണ്ടാമത്.
ജീൻ ഫിലിപ് മറ്റേറ്റയിലൂടെ 57–ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസാണ് ആദ്യം ലീഡ് നേടിയത്. 76–ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ തിരിച്ചടിച്ചു. ലിവർപൂളിനു വേണ്ടി സലായുടെ 200–ാം ഗോളായിരുന്നു ഇത്. പ്രിമിയർ ലീഗിൽ 150–ാം ഗോളും. കളി സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് എലിയറ്റ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ 6–ാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ 13–ാം സ്ഥാനത്തുള്ള ബോൺമത് 3–0ന് തോൽപിച്ചു.
∙ ബയണിന് ഐൻട്രാക്റ്റ് ഷോക്ക്
ബർലിൻ ∙ ബുന്ദസ്‌ലിഗ ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ ബയൺ മ്യൂണിക്കിനെ കശാപ്പുചെയ്ത് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 5–1നാണ് രണ്ടാം സ്ഥാനക്കാരായ ബയണിനെ ഏഴാം സ്ഥാനക്കാരായ ഐൻട്രാക്റ്റ് തകർത്തെറിഞ്ഞത്. സീസണിൽ ബയണിന്റെ ആദ്യ തോൽവിയാണിത്. ഒമർ മാർമഷ് (12–ാം മിനിറ്റ്), ഡിന ഈബിംബെ (31, 50), ഹ്യൂഗോ ലാർസൻ (36), അൻസ്ഗർ കനൗഫ് (60) എന്നിവർ ഐൻട്രാക്റ്റിനായി ലക്ഷ്യം കണ്ടു. ജോഷ്വാ കിമ്മിക്കിന്റെ (41) വകയായിരുന്നു ബയണിന്റെ ആശ്വാസ ഗോൾ.
∙ ഇന്റർ മിലാന് ജയം; ഒന്നാമത്
മിലാൻ ∙ ഉഡിനേസി എഫ്സിയെ 4–0ന് തോൽപിച്ച ഇന്റർ മിലാൻ ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്റർ ആദ്യ പകുതിയിൽ തന്നെ 3–0 മുന്നിലെത്തി. ഹകാൻ ചൽഹനൊലു (37), ഫെഡറിക്കോ ദിമാർകോ (42), മാർക്കസ് തുറാം (44), ലൗറ്റാരോ മാർട്ടിനെസ് (84) എന്നിവരാണ് ഇന്ററിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് ഇന്ററിന് 38 പോയിന്റായി. 15 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള യുവന്റസാണ് രണ്ടാമത്.
∙ ഫ്രഞ്ച് ലീഗ്: പിഎസ്ജിക്ക് ജയം
പാരിസ് ∙ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജി വിജയക്കുതിപ്പു തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോന്റിനെ 2–1 തോൽപിച്ച പിഎസ്ജി ലീഗിൽ തുടർച്ചയായ 8–ാം ജയം സ്വന്തമാക്കി. 41–ാം മിനിറ്റിൽ ബാർഡ്‌ലി ബർകോലയിലൂടെ പിഎസ്ജി മുന്നിലെത്തിയെങ്കിലും 55–ാം മിനിറ്റിൽ മുസ്തഫ മുഹമ്മദിലൂടെ നോന്റ് തിരിച്ചടിച്ചു. 83–ാം മിനിറ്റിൽ ഫ്രഞ്ച് താരം റൻഡാൽ കോളോ മുവാനിയാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് പിഎസ്ജിക്ക് 36 പോയിന്റായി. 15 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള നീസാണ് രണ്ടാം സ്ഥാനത്ത്.
∙ ഹാളണ്ടിന് പരുക്ക്; സിറ്റിക്ക് തിരിച്ചടി
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൻ വില്ലയ്ക്കെതിരായ മത്സരത്തിൽ പരുക്കേറ്റ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന് സീസണിൽ തുടർന്നുള്ള മത്സരങ്ങൾ നഷ്ടമാകും. കാൽപാദത്തിനു പരുക്കേറ്റ ഹാളണ്ട് ഇന്നലെ ലൂട്ടനെതിരായ മത്സരത്തിൽ കളിച്ചില്ല. പരുക്ക് ഗുരുതരമല്ലെന്നും എന്നാൽ ഹാളണ്ട് എപ്പോൾ മടങ്ങിവരുമെന്ന് പറയാൻ സാധിക്കില്ലെന്നും സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. 15 മത്സരങ്ങളിൽ നിന്ന് 14 ഗോൾ നേടിയ ഹാളണ്ടാണ് പ്രിമിയർ ലീഗിൽ സിറ്റിയുടെ ടോപ് സ്കോറർ.