ഡയമെന്റകോസിന്റെ പെനൽറ്റി ഗോൾ രക്ഷിച്ചു, പഞ്ചാബിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന് ആറാം വിജയം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സിന്റെ ജയം. ദിമിത്രിയോസ് ഡയമെന്റകോസാണ് പെനൽറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഇതോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ്.
20 പോയിന്റു തന്നെയുള്ള എഫ്സി ഗോവ ഗോൾ ഡിഫറൻസിന്റെ കരുത്തിലാണ് ഒന്നാമതുള്ളത്. 24ന് കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. പത്ത് മത്സരങ്ങളിൽനിന്ന് അഞ്ച് സമനിലയും അഞ്ച് തോൽവിയുമായി പഞ്ചാബ് 11–ാം സ്ഥാനത്താണ്. ക്യാപ്റ്റൻ അഡ്രിയൻ ലൂണയില്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ നിര പഞ്ചാബിനെതിരെ ആദ്യ പകുതിയിൽ കിതച്ച ശേഷമാണു ലീഡെടുത്തത്.
49-ാം മിനിറ്റിൽ പഞ്ചാബ് ബോക്സിലേക്കു പന്തുമായി മുന്നേറിയ ഐമൻ പഞ്ചാബ് താരങ്ങളുടെ ഫൗളിൽ വീണുപോകുകയായിരുന്നു. ഐമൻ പെനൽറ്റിക്കായി വാദിച്ചതോടെ റഫറി കിക്ക് അനുവദിക്കുകയായിരുന്നു. പെനൽറ്റി കിക്കെടുത്ത ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റകോസ് പിഴവുകളില്ലാതെ പന്തു വലയിലെത്തിച്ചു. സീസണിലെ ദിമിയുടെ അഞ്ചാം ഗോളാണ് ഇത്.
തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിന് ഒരു ഫ്രീകിക്ക് കൂടി ലഭിച്ചു. വിബിൻ മോഹനന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിതെറിച്ചു. റീബൗണ്ടിൽ ലെസ്കോയുടെ ഹെഡറും പോസ്റ്റിൽ തട്ടിയ ശേഷമാണ് പഞ്ചാബ് പന്ത് ക്ലിയർ ചെയ്തത്. 62–ാം മിനിറ്റിൽ പ്രീതം കോട്ടാലിന്റെ ഗോൾ ശ്രമം പഞ്ചാബ് ഗോളി കിരൺ പരാജയപ്പെടുത്തി. 72–ാം മിനിറ്റില്‍ 30 വാര അകലെനിന്നും വിബിൻ എടുത്ത ഷോട്ടും പഞ്ചാബ് ഗോളി പിടിച്ചെടുത്തു. രണ്ടാം ഗോൾ നേടുക ലക്ഷ്യമിട്ട് ഇഷാൻ പണ്ഡിത, സൗരവ് മണ്ഡൽ എന്നിവരെ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ടിൽ ഇറക്കിയിരുന്നു. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി പഞ്ചാബ് പരിശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നു.
കളം നിറഞ്ഞു, ഗോളടിക്കാൻ മറന്ന ആദ്യ പകുതി
ആദ്യ പകുതിയിൽ 64 ശതമാനത്തിലേറെ പന്തടക്കവുമായി ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞെങ്കിലും ഗോൾ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമണം തുടങ്ങി. പഞ്ചാബ് ബോക്സിൽ വച്ച് ക്വാമെ പെപ്രയെ ലക്ഷ്യമാക്കി മുഹമ്മദ് ഐമന്റെ പാസെത്തി. ഡിഫ്ലക്ടഡ് ആയിപ്പോയ ഷോട്ട് പക്ഷേ പഞ്ചാബ് ബാറിൽ തട്ടി തെറിച്ചു. ആദ്യ മിനിറ്റു മുതൽ ബ്ലാസ്റ്റേഴ്സിനായിരുന്നു കളിയുടെ നിയന്ത്രണം. ഇടയ്ക്കിടെ പന്തു പിടിച്ചെടുത്ത് പഞ്ചാബ് താരങ്ങൾ കുതിച്ചെങ്കിലും കാര്യമായ മുന്നേറ്റങ്ങളൊന്നുമുണ്ടായില്ല.
24–ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പഞ്ചാബ് താരം ആശിഷ് പ്രധാന്‍ നൽകിയ പാസ് മുതലാക്കാൻ കൃഷ്ണയ്ക്കു സാധിക്കാതെ പോയി. ആദ്യ പകുതിയിൽ തന്നെ പഞ്ചാബ് ബോക്സിലേക്ക് പലവട്ടം ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പാസുകളെത്തിയെങ്കിലും ഫിനിഷിങ്ങിലെ പാളിച്ച തിരിച്ചടിയായി. ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സിനെ പിടിച്ചുകെട്ടുകയെന്നതായിരുന്നു ആദ്യ പകുതിയിലെ അവസാന മിനിറ്റുകളിൽ പഞ്ചാബിന്റെ ലക്ഷ്യം. അതിൽ അവർ വിജയിക്കുകയും ചെയ്തു. 40–ാം മിനിറ്റിൽ തുടർച്ചയായി മൂന്നു വട്ടം ബ്ലാസ്റ്റേഴ്സിനു കോർണറുകൾ ലഭിച്ചെങ്കിലും എല്ലാം പഞ്ചാബ് പ്രതിരോധ താരങ്ങൾ തടുത്തിട്ടു.
45–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് ഐമനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനു പഞ്ചാബ് താരം നിഖിൽ പ്രഭുവിന് മഞ്ഞ കാർഡ് ലഭിച്ചു. താരത്തിന് അടുത്ത മത്സരം കളിക്കാൻ സാധിക്കില്ല. ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്കു പരുക്കേറ്റതിനാൽ പ്രതിരോധ താരം മാർകോ ലെസ്കോവിച്ചാണ് പഞ്ചാബിനെതിരെ ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. മുഹമ്മദ് ഐമൻ, മുഹമ്മദ് അസർ, വിബിൻ മോഹൻ തുടങ്ങിയ മലയാളി താരങ്ങളും പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തി.