മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയ്യയും ചാംപ്യൻസ് ലീഗ് നോക്കൗട്ടിലെത്താതെ പുറത്ത്
Mail This Article
പാരിസ് ∙ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പഴയ പ്രതാപകാലം ഓർത്തിരിക്കാനാണ് യോഗം! യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ അവസാനസ്ഥാനക്കാരായ ഇംഗ്ലിഷ് ക്ലബ് നോക്കൗട്ട് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോട് 1–0നു തോറ്റതോടെയാണ് ഇംഗ്ലിഷ് ക്ലബ്ബിന്റെ നേരിയ സാധ്യതയും അവസാനിച്ചത്. ബയണും ഡെൻമാർക്ക് ക്ലബ് കോപ്പൻഹേഗനും ഗ്രൂപ്പിൽ നിന്നു മുന്നേറി. തുർക്കി ക്ലബ് ഗലട്ടസറെയെ 1–0നു തോൽപിച്ചാണ് കോപ്പൻഹേഗൻ യോഗ്യത നേടിയത്.
യുണൈറ്റഡിന്റെ അതേ അവസ്ഥയായി ബി ഗ്രൂപ്പിൽ സെവിയ്യയ്ക്കും. ഫ്രഞ്ച് ക്ലബ് ലെൻസിനോടു തോറ്റ് (2–1) അവസാന സ്ഥാനക്കാരായതോടെ സ്പാനിഷ് ക്ലബ്ബിനും യൂറോപ്പ ലീഗിലേക്ക് യോഗ്യതയില്ല. നിലവിലെ യൂറോപ്പ ചാംപ്യൻമാരാണ് സെവിയ്യ. ഗ്രൂപ്പിൽ നിന്ന് നേരത്തേ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ഇംഗ്ലിഷ് ക്ലബ് ആർസനലും ഡച്ച് ക്ലബ് പിഎസ്‌വിയും ഇന്നലെ 1–1 സമനിലയിൽ പിരിഞ്ഞു. പോർച്ചുഗീസ് ക്ലബ് ബ്രാഹയെ 2–0നു തോൽപിച്ച ഇറ്റാലിയൻ ക്ലബ് നാപ്പോളി സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോട്ടൗട്ടിലെത്തി. ഒന്നാം സ്ഥാനം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് നേരത്തേ ഉറപ്പിച്ചിരുന്നു. റയൽ ഇന്നലെ 3–2നു യൂണിയൻ ബർലിനെ തോൽപിച്ചു.
ഡി ഗ്രൂപ്പിൽ നിന്ന് നേരത്തേ യോഗ്യത ഉറപ്പിച്ച സ്പാനിഷ് ക്ലബ് റയൽ സോസിദാദും ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും ഇന്നലെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗോൾ വ്യത്യാസത്തിൽ സോസിദാദ് ഗ്രൂപ്പിൽ ഒന്നാമത്.