അഡ്രിയൻ ലൂണയുടെ പരുക്കു മാറാൻ മൂന്നു മാസം വേണ്ടിവരും, സീസണ് നഷ്ടമാകും
Mail This Article
കൊച്ചി ∙ പരിശീലനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്ക് ഈ സീസൺ പൂർണമായി നഷ്ടമാകുമെന്നു സൂചന. മുംബൈയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ലൂണ സുഖം പ്രാപിച്ചു കളത്തിൽ തിരിച്ചെത്താൻ ചുരുങ്ങിയതു 3 മാസം വേണ്ടിവരുമെന്നാണു സൂചന. അപ്പോഴേക്കും ഐഎസ്എൽ 10 –ാം സീസൺ പൂർത്തിയാകും. ഏതാനും ദിവസം മുൻപു പരിശീലനത്തിനിടെയാണു ലൂണയ്ക്കു മുട്ടുവേദന അനുഭവപ്പെട്ടത്.
തുടർന്നു നടത്തിയ പരിശോധനയെത്തുടർന്നാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. ലൂണയുടെ നഷ്ടം നികത്താൻ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ വിദേശ കളിക്കാരെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിക്കഴിഞ്ഞു.
കളത്തിലിറങ്ങും മുൻപേ പരുക്കേറ്റു പുറത്തായ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സത്തിരിയോയുടെ കരാർ പുതുക്കാനിടയില്ലാത്തതിനാൽ വിദേശ സ്ട്രൈക്കറെയും ടീം ലക്ഷ്യമിടുന്നു. എന്നാൽ, സീസൺ മധ്യത്തിൽ മികച്ച താരങ്ങളെ ലഭിക്കുമോയെന്ന് ആശങ്കയുണ്ട്.