ഡോർട്മുണ്ടിനെതിരെ സമനില; പിഎസ്ജി ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ
Mail This Article
ഡോർട്മുണ്ട് ∙ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെതിരെ പൊരുതി നേടിയ സമനിലയുമായി (1–1) പിഎസ്ജി യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ സ്ഥാനം സ്വന്തമാക്കി. എഫ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഫ്രഞ്ച് ക്ലബ്ബിന്റെ നോക്കൗട്ട് എൻട്രി. ഹോം ഗ്രൗണ്ടിൽ 51–ാം മിനിറ്റിൽ കരിം അദയെമിയുടെ ഗോളിൽ ആദ്യം മുന്നിലെത്തിയത് ഡോർട്മുണ്ടാണ്. 56–ാം മിനിറ്റിൽ പതിനേഴുകാരൻ വാറൻ എമെറിയുടെ ഗോളിൽ പിഎസ്ജി വിലപ്പെട്ട സമനില നേടിയെടുത്തു. 11 പോയിന്റുള്ള ഡോർട്മുണ്ടാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. പിഎസ്ജിക്കും ഇറ്റാലിയൻ ക്ലബ് എസി മിലാനും 8 പോയിന്റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ പിഎസ്ജി രണ്ടാമത്. ഇന്നലെ ന്യൂകാസിൽ യുണൈറ്റഡിനെ 2–1നു തോൽപിച്ച മിലാൻ യൂറോപ ലീഗിനു യോഗ്യത നേടി.
എച്ച് ഗ്രൂപ്പിൽ ഷക്തർ ഡോണസ്കിനെ 5–3നു തോൽപിച്ച പോർട്ടോ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. ഒന്നാമതായി യോഗ്യത നേടിയ എഫ്സി ബാർസിലോന ഇന്നലെ ബൽജിയം ക്ലബ് ആന്റ്‌വെർപിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി (3–2). ഇ ഗ്രൂപ്പിൽ ലാസിയോയെ 2–0നു തോൽപിച്ച അത്‌ലറ്റിക്കോ മഡ്രിഡ് ഒന്നാം സ്ഥാനം ഉറപ്പിച്ചു. ലാസിയോ രണ്ടാമത്.