ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരക്രമമായി
Mail This Article
ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടറിൽ, നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളികൾ ഡെന്മാർക്ക് ക്ലബ് എഫ്സി കോപ്പൻഹേഗൻ. 2011നു ശേഷം ആദ്യമായാണ് ഡാനിഷ് ക്ലബ് ചാംപ്യൻസ് ലീഗ് നോക്കൗട്ടിൽ കളിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ സിറ്റിയോടു തോറ്റ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ഇത്തവണ പ്രീക്വാർട്ടറിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡാണ് എതിരാളികൾ. ഇറ്റാലിയൻ ക്ലബ് നാപ്പോളിയും സ്പാനിഷ് ക്ലബ് ബാർസിലോനയും തമ്മിലാണു മറ്റൊരു പ്രീക്വാർട്ടർ പോരാട്ടം. യുവേഫ ആസ്ഥാനത്തായിരുന്നു പ്രീക്വാർട്ടർ മത്സരക്രമം നറുക്കെടുപ്പ്.
ഗ്രൂപ്പ് റൗണ്ടിൽ രണ്ടാം സ്ഥാനത്തായ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് എതിരാളികൾ അത്ര കടുപ്പക്കാരല്ല. ഒരു ദശാബ്ദത്തിനു ശേഷം ചാംപ്യൻസ് ലീഗിനെത്തുന്ന സ്പാനിഷ് ക്ലബ് റയൽ സോസിദാദ്. 15–ാം യൂറോപ്യൻ കിരീടം ലക്ഷ്യമിട്ടെത്തുന്ന സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് ജർമൻ ക്ലബ് ലൈപ്സീഗിനെ നേരിടും. മറ്റു പ്രീക്വാർട്ടറുകൾ ഇങ്ങനെ: എഫ്സി പോർട്ടോ–ആർസനൽ; പിഎസ്‌വി ഐന്തോവൻ–ഡോർട്മുണ്ട്, ലാസിയോ–ബയൺ മ്യൂണിക്. ഇരുപാദ പ്രീക്വാർട്ടർ മത്സരങ്ങൾ ഫെബ്രുവരി 13,14 തീയതികളിൽ ആരംഭിക്കും.