യൂറോപ്യൻ സ്കൂൾ ലീഗ്! ഈ കുട്ടികൾ ക്ലബ്ബിൽ കളിച്ചു നടക്കുകയാണ് !
Mail This Article
സ്കൂൾ ബാഗുമായി കൂട്ടുകാരെല്ലാം പഠിക്കാൻ പോകുന്ന സമയത്ത്, മനസ്സു നിറയെ ഫുട്ബോൾ പാഠങ്ങളുമായി മൈതാനത്ത് ഗോളടിച്ചു രസിക്കുന്ന മിടുമിടുക്കരുണ്ട്, അങ്ങ് യൂറോപ്പിൽ. വയസ്സ് 16 മുതൽ 18 വരെ മാത്രം. പ്രമുഖ യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ ജഴ്സിയിൽ ഗോളടിച്ചും ഗോളിനു വഴിയൊരുക്കിയും അവർ കൗമാര പ്രായത്തിൽ തന്നെ ചരിത്രം എത്തിപ്പിടിക്കുന്നു.
ഫുട്ബോൾ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ആ കൗമാരതാരങ്ങൾ ഇവരാണ്...
ലാമിൻ യമാൽ
സ്പാനിഷ് ലാ ലിഗ
വയസ്സ്: 16
ക്ലബ്: ബാർസിലോന
പൊസിഷൻ: വിങ്ങർ
ബാർസിലോന താരം ലാമിൻ യമാലിന്റെ പേരിൽ ഒന്നിലേറെ റെക്കോർഡുകളുണ്ട്. സ്പാനിഷ് ലീഗ് ഫുട്ബോളിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്നതാണ് ഏറ്റവും ഒടുവിലത്തേത്. ഒക്ടോബറിൽ ഗ്രനഡയ്ക്കെതിരെയാണ് പതിനാറുകാരനായ യമാൽ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടൊപ്പം സ്പെയിൻ ദേശീയ ടീമിനു വേണ്ടി കളിച്ച പ്രായം കുറഞ്ഞ താരം, ഗോൾ നേടിയ പ്രായം കുറഞ്ഞ താരം, ലാലിഗയിൽ അരങ്ങേറിയ പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോർഡുകളും യമാൽ മുൻപ് സ്വന്തമാക്കിയിരുന്നു.
ലൂയിസ് മിലെയ്
ഇംഗ്ലിഷ് പ്രിമിയർ ലീഗ്
വയസ്സ്: 17
ക്ലബ്: ന്യൂകാസിൽ യുണൈറ്റഡ്
പൊസിഷൻ: മിഡ്ഫീൽഡർ
ന്യൂകാസിൽ യുണൈറ്റഡിന്റെ പുത്തൻ കൗമാര താരം. കഴിഞ്ഞയാഴ്ച ഫുൾഹാമിനെതിരെ നേടിയ ഗോൾ വഴി ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഗോൾ നേടുന്ന എട്ടാമത്തെ പ്രായം കുറഞ്ഞ താരമായി. 2022ൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള ക്ലബ്ബിന്റെ പുരസ്കാരം നേടി. ഈ വർഷം മേയിൽ ചെൽസിക്കെതിരെ പ്രിമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചു. പകരക്കാരനായി ഇറങ്ങിയ ലൂയിസ്, ന്യൂകാസിലിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രിമിയർ ലീഗ് കളിക്കാരനുമായി.
യാൻ കാർലോ സിമിക്
ഇറ്റാലിയൻ സീരി എ
വയസ്സ്: 18
ക്ലബ്: എസി മിലാൻ
പൊസിഷൻ: സെന്റർ ബാക്ക്
അരങ്ങേറ്റ മത്സരത്തിൽ തന്നെ എസി മിലാനായി ഗോൾ നേടി ആരാധകശ്രദ്ധ നേടി. ജർമനിയിൽ ജനിച്ച സിമിക്, രാജ്യാന്തര തലത്തിൽ സെർബിയയെയാണ് പ്രതിനിധീകരിക്കുന്നത്. 2022ലാണ് ഇറ്റാലിയൻ ക്ലബ് എസി മിലാൻ സിമിക്കിനെ സ്വന്തമാക്കിയത്.
സീരി എയിൽ ഇക്കഴിഞ്ഞ 17ന് മോൺസയ്ക്കെതിരെ പകരക്കാരനായാണു സിമിക് മിലാനിൽ അരങ്ങേറിയത്. ഈ സീസണിൽ നേരത്തെ റയൽ മഡ്രിഡിനും യുവന്റസിനും എതിരെയുള്ള സൗഹൃദ മത്സരങ്ങളിൽ സിമിക് ടീമിലുണ്ടായിരുന്നു.
മാത്തിസ് ടെൽ
ജർമൻ ബുന്ദസ്‌ലിഗ
വയസ്സ്: 18
ക്ലബ്: ബയൺ മ്യൂണിക്
പൊസിഷൻ: സെന്റർ ഫോർവേഡ്
വേഗം, ഫിനിഷിങ്, ഡ്രിബ്ലിങ് മികവ് എന്നിവയ്ക്കു പേരുകേട്ട ഫ്രാൻസിന്റെ താരം. മാത്തിസ് ഹെൻട്രി ടെൽ എന്നാണു പൂർണ പേര്. 17 വയസ്സും 136 ദിവസവും പ്രായമുള്ളപ്പോൾ ബയണിനായി ലീഗ് മത്സരം കളിച്ച ടെൽ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനായി. ഫ്രഞ്ച് യൂത്ത് ടീമുകളിലും റെൻ ക്ലബ്ബിലും നടത്തിയ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് 2022ൽ ബയണിലെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനായി 22 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടി.
എലി ജൂനിയർ ക്രൂപി
ഫ്രഞ്ച് ലീഗ് വൺ
വയസ്സ്: 17
ക്ലബ്: എഫ്സി ലോറിയന്റ്
പൊസിഷൻ: മിഡ്ഫീൽഡർ
ഫ്രഞ്ച് ലീഗ് വണ്ണിൽ എഫ്സി ലോറിയന്റ് ക്ലബ്ബിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഈ ജൂണിൽ അരങ്ങേറിയ ക്രൂപി ലോറിയന്റിനായി 15 തവണ ബൂട്ടണിഞ്ഞു. സെപ്റ്റംബറിൽ ലീഗിൽ ആദ്യ ഗോൾ നേടി. ലോറിയന്റ് അക്കാദമിയിലൂടെയാണ് സീനിയർ ടീമിലേക്കെത്തിയത്.