ഹോട്ടല്‍ ബിൽ കൊടുത്തില്ല, ഹൈദരാബാദ് എഫ്സിക്കെതിരെ കേസ്; റാണയ്ക്കെതിരെയും പരാതി
Mail This Article
മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോം തുടരുന്നതിനിടെ ഹൈദരാബാദ് എഫ്സിക്കു പുതിയ തലവേദന. എവേ മത്സരങ്ങൾക്കായി ജംഷഡ്പൂരിലേക്കു പോയപ്പോൾ ടീം താമസിച്ചിരുന്ന ഹോട്ടലിന്റെ മാനേജ്മെന്റ് ഫുട്ബോൾ ടീമിനെതിരെ കേസ് കൊടുത്തിരിക്കുകയാണിപ്പോൾ. താരങ്ങളുടെ താമസത്തിനായി ടീം ബുക്ക് ചെയ്ത 23 മുറികളുടെ വാടക ഇതുവരെ കൊടുത്തിട്ടില്ലെന്നാണ് ജംഷഡ്പൂരിലെ സ്വകാര്യ ഹോട്ടലിന്റെ പരാതി. സംഭവത്തിൽ ഹൈദരാബാദ് എഫ്സി ടീം ഉടമകളായ നടൻ റാണ ദഗ്ഗുബാട്ടി, വിജയ് മാധുരി, നിതിൻ മോഹൻ, രംഗനാഥ് റെഡ്ഡി, സുരേഷ് ഗോപാൽ കൃഷ്ണ, ആന്റണി ദാസ് എന്നിവര്‍ക്കെതിരെയാണ് ഹോട്ടൽ അധികൃതരുടെ പരാതി.
ബാഹുബലി സിനിമയിലെ വില്ലൻ വേഷത്തിൽ തിളങ്ങിയ നടനാണ് റാണ ദഗ്ഗുബാട്ടി. ഹൈദരാബാദ് എഫ്സി ക്ലബ്ബിന്റെ സഹ ഉടമയാണു റാണ. കഴിഞ്ഞ ഒക്ടോബര്‍ മൂന്നു മുതൽ ആറുവരെയാണ് ടീം ജംഷഡ്പൂരിൽ താമസിച്ചത്. ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയ ശേഷമായിരുന്നു മുറികൾ ബുക്ക് ചെയ്തത്. ആറിന് രാവിലെ ബാക്കി തുക അടയ്ക്കാതെ ടീം അംഗങ്ങള്‍ ഹോട്ടൽ വിട്ടുപോയെന്നാണു പരാതി. ഫോൺ വഴിയും ഇ മെയിലിലൂടെയും ഹോട്ടൽ ക്ലബ് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്നാണ് ഹോട്ടലിന്റെ ജനറൽ മാനേജർ പൊലീസിൽ പരാതി നൽകിയത്.
താരങ്ങൾക്കുള്ള പ്രതിഫലം പൂർണമായും നൽകാത്തതിനാല്‍ ക്ലബ്ബിനെതിരെ അടുത്തിടെ ഫിഫ നടപടിയെടുത്തിരുന്നു. താരങ്ങളെ വാങ്ങുന്നതിനു ഫിഫ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ താരങ്ങളായ നെസ്റ്റർ ഗോര്‍ഡിലോ, ബർതലോമ്യു ഓഗ്ബെച്ചെ എന്നിവർക്കു പ്രതിഫലത്തുക പൂർണമായും ലഭിച്ചിട്ടില്ലെന്നാണു പരാതി. ഒരു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് ഫിഫ ഹൈദരാബാദ് എഫസിക്കെതിരെ ട്രാൻസ്ഫർ ബാൻ കൊണ്ടുവരുന്നത്.
ഐഎസ്എല്ലിലെ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയാകുമ്പോള്‍ ഒരു വിജയം പോലും നേടാൻ ക്ലബ്ബിനു സാധിച്ചിട്ടില്ല. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദ് എഫ്സി. 11 മത്സരങ്ങൾ ഇതുവരെ കളിച്ച ഹൈദരാബാദ് ഏഴും തോറ്റു. നാലു സമനിലകളിൽനിന്നു ലഭിച്ച നാലു പോയിന്റാണു ടീമിന് ആകെയുള്ളത്.