ADVERTISEMENT

സിംഹങ്ങളെ ആരും മനുഷ്യരോടു താരതമ്യം ചെയ്യാറില്ല’ എന്നതു സ്‌ലാറ്റൻ ഇബ്രാഹ‍ിമോവിച്ചിന്റെ പ്രശസ്ത ‘വചന’ങ്ങളിലൊന്നാണ്. ബൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാകുവുമായി താരതമ്യം ചെയ്യപ്പെട്ട കാലത്തായിരുന്നു സ്വീ‍ഡൻ സ്ട്രൈക്കർ ഇബ്രയുടെ പ്രതികരണം. ഇറ്റാലിയൻ ക്ലബ് എസി മിലാനിൽ നിന്ന് 6 മാസം മുൻപ്, 41–ാം വയസ്സിൽ വിരമിച്ചതോടെ സ്‍ലാറ്റന്റെ ഇത്തരം മാസ് ഡയലോഗുകൾ നിലച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ‘സ്‌ലാറ്റൻ യൂണിവേഴ്സ്’ നിലനിർത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾക്കു താഴെയും യൂട്യൂബിൽ അദ്ദേഹത്തെക്കുറിച്ചുള്ള വിഡിയോകളുടെ കമന്റ് ബോക്സിലുമായി തീപ്പൊരി ഡയലോഗുകളുടെ പ്രളയമാണ്. ആരാധകർ സൃഷ്ടികളിൽ ചിലത് ഇങ്ങനെയൊക്കെയാണ്! 

ലോകഫുട്ബോളിലെ പേരെടുത്ത സ്ട്രൈക്കർമാരിൽ ഒരാളായി അറിയപ്പെടുന്ന സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് സ്വീഡനു വേണ്ടി 2001 മുതൽ 2023 വരെ ജഴ്സിയണിഞ്ഞു. എസി മിലാൻ, ബാർസിലോന, പിഎസ്ജി, ഇന്റർമിലാൻ, യുവന്റസ്, അയാക്സ്, മാൽമോ, ലൊസാഞ്ചലസ് ഗ്യാലക്സി തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ച സ്‌ലാറ്റന്റെ കരിയറിലാകെ 34 ട്രോഫികളുടെ തിളക്കമുണ്ട്. 570 കരിയർ ഗോളുകളിൽ അഞ്ഞൂറിലധികവും വിവിധ ക്ലബ്ബുകൾക്കു വേണ്ടി നേടിയതാണ്.

ആരാധകരുടെ ‘സ്‌ലാറ്റൻ വചനങ്ങൾ’

ഒരിക്കൽ ഫുട്ബോൾ കളിക്കിടെ സ്‍ലാറ്റന് അൽപസമയം വിശ്രമിക്കണമെന്നു തോന്നി, ആ സമയമാണിപ്പോൾ ഹാഫ് ടൈം.

 സ്‍ലാറ്റനു ചുവപ്പു കാർഡ് ലഭിക്കുമ്പോൾ റഫറി മൈതാനം വിടുന്നു. 

അലക്സാണ്ടർ ഗ്രഹാംബൽ ഫോൺ കണ്ടുപിടിച്ചയുടൻ സ്‍ലാറ്റന്റെ നമ്പരിൽനിന്ന് അദ്ദേഹത്തിന് 5 മിസ്ഡ് കോളുകൾ ലഭിച്ചു

നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയപ്പോൾ സ്‍ലാറ്റന്റെ കാൽപാടുകൾ കണ്ടു.

മനുഷ്യൻ തീ കണ്ടുപിടിച്ച നേരത്ത് സ്‍ലാറ്റൻ ഗ്രിൽഡ് ചിക്കൻ കഴിക്കുകയായിരുന്നു.

തന്റെ കണ്ണുകളിൽ നിന്നു സൂര്യനെ രക്ഷിക്കാൻ സ്‍ലാറ്റൻ സൺഗ്ലാസ് ധരിക്കുന്നു.

ഉച്ചസമയത്തു സ്‍ലാറ്റൻ കളിച്ചാൽ സൂര്യനു വിയർക്കാൻ തുടങ്ങും.

റോഡിൽ സ്‍ലാറ്റൻ എന്ന ബോർഡ് കണ്ടാൽ മുറിച്ചുകടക്കരുത് എന്നാണർഥം.

സ്‍ലാറ്റൻ ഒരിക്കൽ സ്കൂളിൽ നിന്നു 2 ദിവസം അവധി ചോദിച്ചു. ഇപ്പോഴതു വീക്കെൻഡ് എന്നറിയപ്പെടുന്നു.

സ്‍ലാറ്റൻ മാസ്ക് ഇല്ലാതെ പുറത്തിറങ്ങുമ്പോൾ കോവിഡ് ക്വാറന്റീനിലാകുന്നു.

സ്‍ലാറ്റന്റെ സ്വന്തം വചനങ്ങൾ 

ഞാനെത്ര പൂർണനാണെന്നോർത്തു ചിരിക്കാനേ എനിക്കു കഴിയുന്നുള്ളൂ

എന്റേതു സ്വീഡിഷ് സ്റ്റൈൽ അല്ല, യൂഗോസ്‌ലാവ്യൻ സ്റ്റൈലുമല്ല. എന്റേതു സ്‌ലാറ്റൻ സ്റ്റൈൽ ആണ്.

 സ്‍ലാറ്റൻ ഓഡിഷനുകളിൽ പങ്കെടുക്കാറില്ല (ഇംഗ്ലിഷ് ക്ലബ് ആർസനലിൽ ചേരാനുള്ള ട്രയൽസിൽ പങ്കെടുക്കാൻ പ്രമുഖ പരിശീലകൻ ആർസീൻ വെംഗർ ക്ഷണിച്ചപ്പോഴുള്ള പ്രതികരണം)

നിങ്ങളെന്നെ വാങ്ങ‍ിയാൽ ഒരു ഫെറാരി ആണു വാങ്ങുന്നത്. അതിൽ പ്രീമിയം പെട്രോൾ നിറച്ചു മികച്ച റോഡിലൂടെ പായിക്കണം. പക്ഷേ, ഗ്വാർഡിയോള ഡീസൽ നിറച്ചു കുഗ്രാമങ്ങളിലൂടെ ഓടിക്കുകയാണു ചെയ്തത്. അത്തരം ആവശ്യങ്ങൾക്കു ഫിയറ്റ് ആയിരുന്നു നല്ലത്. (സ്പാനിഷ് ക്ലബ് ബാർസിലോനയിൽ കോച്ച് പെപ് ഗ്വാർഡിയോളയുമായുണ്ടായ അസ്വാരസ്യങ്ങളെപ്പറ്റി പറഞ്ഞത്.

(2014ലെ ലോകകപ്പിൽ പ്ലേഓഫിൽ കടക്കുമോ എന്ന ന്യൂസ് റിപ്പോർട്ടറുടെ ചോദ്യത്തിന്:)

സ്‍ലാറ്റൻ: ദൈവത്തിനു മാത്രമറിയാം ആരൊക്കെ കടക്കുമെന്ന്.

റിപ്പോർട്ടർ: ദൈവത്തോടു ചോദിക്കാനാകില്ലല്ലോ.

സ്‍ലാറ്റൻ: നിങ്ങൾ അദ്ദേഹത്തോടാണ് ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്!

English Summary:

Zlatan Ibrahimovic Universe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com