സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോളിൽ റയല്‍ മഡ്രിഡ് ഫൈനലിൽ
Mail This Article
റിയാദ് ∙ സൗദി അറേബ്യ ആതിഥ്യം വഹിക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോളിന്റെ സെമിഫൈനലിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ റയൽ മഡ്രിഡിന് ഉശിരൻ വിജയം. എക്സ്ട്രാ ടൈം വരെ ആവേശം നീണ്ട പോരാട്ടത്തിൽ റയൽ 5–3ന് അത്‌ലറ്റിക്കോയെ കീഴടക്കി.ബാർസിലോന – ഒസാസൂന മത്സരവിജയികളുമായി ഞായറാഴ്ചയാണ് റയൽ മഡ്രിഡിന്റെ ഫൈനൽ.
6–ാം മിനിറ്റിൽ മാരിയോ ഹെർമോസയുടെ ഗോളിൽ അത്‌ലറ്റിക്കോ ലീഡ് നേടിയെങ്കിലും റയൽ വിട്ടുകൊടുക്കാതെ പൊരുതി. 20–ാം മിനിറ്റിൽ അന്റോണിയോ റൂഡിഗർ തിരിച്ചടിച്ചു. 29–ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡിയുടെ ഗോളിൽ റയലിനു ലീഡായെങ്കിലും 37–ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാനിലൂടെ അത്‌ലറ്റിക്കോ ഒപ്പം പിടിച്ചു. 78–ാം മിനിറ്റിൽ റൂഡിഗറുടെ സെൽഫ് ഗോൾ റയലിന്റെ വലയിൽ കയറിയതോടെ കളി കടുപ്പമായി. 85–ാം മിനിറ്റിൽ ഡാനി കാർവഹാലിന്റെ ഗോളിൽ റയൽ തിരിച്ചടിച്ചതോടെ നിശ്ചിത സമയക്കളിയിൽ സ്കോർ 3–3.
എക്സ്ട്രാ ടൈമിൽ, ജോസെലു (116)വിന്റെ ഗോൾ. അത്‌ലറ്റിക്കോ ഡിഫൻഡർ സ്റ്റെഫാൻ സാവിച്ചിന്റെ പിഴവിൽനിന്നായിരുന്നു ഇത്. ഇൻജറി ടൈമിൽ ബ്രാഹിം ഡയസ് റയലിന്റെ 5–ാം ഗോളുമടിച്ചതോടെ സ്കോർബോർഡ് പൂർണം.
അത്‌ലറ്റിക്കോ മഡ്രിഡിന്റെ ടോപ് സ്കോറർ എന്ന ബഹുമതി ഇനി അന്റോയ്ൻ ഗ്രീസ്മാനു സ്വന്തം. മുൻ താരം ലൂയി അരഗോണസിനെയാണ് ഗ്രീസ്മാൻ പിന്നിലാക്കിയത്. റയലിനെതിരെ നേടിയത് ഗ്രീസ്മാന്റെ അത്‌ലറ്റിക്കോ കരിയറിലെ 174–ാം ഗോളായിരുന്നു.