സൂപ്പർ കപ്പിൽനിന്ന് ഗോകുലം കേരള എഫ്സി പുറത്ത്, ചെന്നൈയിനോടു തോറ്റു
Mail This Article
ഭുവനേശ്വർ ∙ കലിംഗ സൂപ്പർ കപ്പിൽ ഗോകുലം കേരള എഫ്സി സെമിഫൈനൽ കാണാതെ പുറത്ത്. സി ഗ്രൂപ്പ് മത്സരത്തിൽ ഗോകുലം ഇന്നലെ ചെന്നൈയിൻ എഫ്സിയോടു പരാജയപ്പെട്ടു (2–0). ആദ്യ മത്സരത്തിൽ ഗോകുലം മുംബൈ സിറ്റി എഫ്സിയോടും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ജംഷഡ്പുരിനോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സും ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. പ്രാഥമിക ഘട്ടത്തിലെ നാലു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് സെമിയിലെത്തുക.
കലിംഗ സ്റ്റേഡിയത്തിൽ 25–ാം മിനിറ്റിൽ അങ്കിത് മുഖർജി നൽകിയ പാസിൽ നിന്ന കോണർ ഷീൽഡ്സാണ് ചെന്നൈയുടെ ആദ്യഗോൾ നേടിയത്. 64–ാം മിനിറ്റിൽ സിർക്കോവിക്കിന്റെ അസിസ്റ്റിൽ നിന്ന് ഇർഫാൻ യദ്‌വാദ് ചെന്നൈയുടെ രണ്ടാം ഗോളും നേടി. 69–ാം മിനിറ്റിൽ ഇർഫാനെ ഫൗൾ ചെയ്തതിന് ഇർഷാദ് ചുവപ്പ് കാർഡ് കണ്ടുപുറത്തായതോടെ ഗോകുലത്തിന്റെ പോരാട്ടം അവസാനിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോകുലം, പഞ്ചാബ് എഫ്സിയെ നേരിടും.