ADVERTISEMENT

റിയാദ്∙ ലയണൽ മെസ്സിയും ലൂയി സ്വാരെസും സ്കോർ ചെയ്തിട്ടും പ്രീസീസൺ പോരാട്ടത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനോടു തോറ്റ് ഇന്റർ മയാമി. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് യുഎസ് ക്ലബ്ബിനെ അൽ ഹിലാൽ തകർത്തത്. ആദ്യ അരമണിക്കൂറിൽ തന്നെ രണ്ടു ഗോളുകൾ നേടി അൽ ഹിലാൽ മത്സരത്തിൽ പിടിമുറുക്കിയിരുന്നു. 10–ാം മിനിറ്റിൽ സെർബിയൻ താരം അലക്സാണ്ടർ മിട്രോവിച്ചും അബ്ദുല്ല അൽ ഹംദാനുമാണ് (13) സൗദി ക്ലബ്ബിനെ മുന്നിലെത്തിച്ചത്.

34–ാം മിനിറ്റിൽ ലൂയി സ്വാരെസിലൂടെ മയാമി ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ അൽ ഹിലാലിനായി ബ്രസീലിയൻ താരം മൈക്കൽ മൂന്നാം ഗോൾ നേടി. ഇടവേളയ്ക്കു ശേഷം ശക്തമായി മത്സരത്തിൽ തിരിച്ചെത്തിയ മയാമി കളി 3–3 എന്ന നിലയിലെത്തിച്ചു. 54–ാം മിനിറ്റിൽ ലയണൽ മെസ്സി പെനൽറ്റി ഗോളും 55–ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ വക ഗോളുമെത്തി.

മത്സരം സമനിലയില്‍ അവസാനിക്കുമെന്നു കരുതിയിരിക്കെയാണ് അൽ ഹിലാലിന്റെ വിജയ ഗോൾ പിറന്നത്. 88–ാം മിനിറ്റിൽ മാൽകോമിന്റെ വകയായിരുന്നു ഗോള്‍. മേജർ ലീഗ് സോക്കർ 2024 സീസണിനു മുന്നോടിയായി പ്രീസീസൺ പര്യടനത്തിലാണ് ഇന്റർ മയാമി. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്റിനെതിരെയും ഇന്റർ മയാമി സൗഹൃദ മത്സരം കളിക്കും. അതിനു ശേഷം ഹോങ്കോങ്ങിലും ജപ്പാനിലും ഇന്റർ മയാമിക്കു മത്സരങ്ങളുണ്ട്. ഫെബ്രുവരി 21നാണ് എംഎല്‍എസ് മത്സരങ്ങൾ തുടങ്ങുന്നത്.

English Summary:

Al Hilal beat Inter Miami (3-4)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com