മെസ്സി കളിച്ചില്ല; സംഘാടകരോട് ഉടക്കി ഹോങ്കോങ് സർക്കാർ, റീഫണ്ട് ആവശ്യപ്പെട്ട് ആരാധകർ
Mail This Article
ഹോങ്കോങ് ∙ ആരാധകരെ നിരാശരാക്കി ലയണൽ മെസ്സി കളത്തിലിറങ്ങിയില്ല; പ്രദർശന മത്സര സംഘാടകർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഹോങ്കോങ് സർക്കാർ. യുഎസ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയുടെ ഹോങ്കോങ് പര്യടനത്തിനിടെയാണ് സംഭവം. ഹോങ്കോങ് ഇലവനുമായുള്ള ഇന്റർ മയാമിയുടെ മത്സരത്തിനു മെസ്സി കളത്തിലിറങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ചായിരുന്നു പരിപാടിയുടെ ഒരുക്കങ്ങൾ.
മെസ്സി കളിക്കുമെന്നതിന്റെ പേരിൽ മാത്രം, 30 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 25 കോടി രൂപ) സർക്കാർ സഹായമായി നൽകിയത്. സംഘാടകർ വാക്കു പാലിക്കാത്തതിനാൽ ഗ്രാന്റ് ആയി നൽകിയ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നു ഹോങ്കോങ് സർക്കാരും അറിയിച്ചു.
മെസ്സി കളിക്കാതിരുന്നതോടെ കാണികൾ ടിക്കറ്റ് തുക തിരികെ ആവശ്യപ്പെട്ടും പ്രശ്നമുണ്ടാക്കി. 100 ഡോളർ (ഏകദേശം 8300 രൂപ) മുതൽ 600 ഡോളർ (50,000 രൂപ) വരെയായിരുന്നു ടിക്കറ്റ് നിരക്ക്. മെസ്സിയുടെ പേരിൽ അഴിമതി നടക്കുകയാണെന്നും ആരാധകർ കുറ്റപ്പെടുത്തി.