ടീമിനു പരുക്ക്, കോച്ചിനു തലവേദന; ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 12ന് കൊച്ചിയിൽ
Mail This Article
കൊച്ചി ∙ ഒരേ സമയം രണ്ട് എതിരാളികളോടു പൊരുതേണ്ട സ്ഥിതിയിലാണു കേരള ബ്ലാസ്റ്റേഴ്സ്; എതിർ ടീമിനോടും പരുക്കുകളോടും! എന്നിട്ടും, ഐഎസ്എൽ ഫുട്ബോളിൽ ഈ സീസണിൽ കളിച്ച 13 ൽ 8 മത്സരങ്ങളിലും ടീം ജയിച്ചു; തോൽവി മൂന്നിൽ മാത്രം. പക്ഷേ, കഴിഞ്ഞയാഴ്ച ഒഡീഷയോടേറ്റ തോൽവി മുന്നറിയിപ്പാണ്: ഇനി, കളി കടുപ്പമാകും. 12 നു കൊച്ചിയിൽ പഞ്ചാബ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
‘‘എവരി ഗെയിം... ഇറ്റ്സ് ലൈക് എ ബിഗ് പസ്ൽ! ഓരോ തവണയും ചേർത്തുവയ്ക്കണം! ഒരോ മത്സരവും തീർത്തും വ്യത്യസ്തമായ ചിത്രമാണ്!’’ – ഒഡീഷയിലെ തോൽവിക്കു ശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് പറഞ്ഞതിങ്ങനെ. അതതു ദിവസം ലഭ്യമായ ചേരുവകൾ കൊണ്ടു ഗംഭീര വിഭവം ഒരുക്കേണ്ട അവസ്ഥയിലാണ് കോച്ച്. സീസണിൽ ഇതുവരെ എല്ലാ കളിക്കാരും ഒരുമിച്ചു ‘മാച്ച് ഫിറ്റ്’ ആവുകയെന്ന ആഡംബരം ലഭിച്ചിട്ടില്ല, ബ്ലാസ്റ്റേഴ്സിന്! പരുക്കുകളുടെ ഘോഷയാത്ര സൂപ്പർ താരം അഡ്രിയൻ ലൂണയെയും ക്വാമെ പെപ്രയെയും ടീമിനു നഷ്ടമാക്കി. യുവതാരങ്ങളായ വിബിൻ മോഹനും ജീക്സൺ സിങ്ങും പുറത്താണ്.
പ്ലേ ഓഫ് സാധ്യതയ്ക്കു ഭീഷണിയില്ലെങ്കിലും തോൽവികൾ വഴങ്ങുന്നത് ആത്മവിശ്വാസത്തെ ബാധിക്കും. മുംബൈ സിറ്റി എഫ്സിക്കും ബഗാനും പിന്നാലെ ഒഡീഷയെ കൂടി വീഴ്ത്തിയിരുന്നുവെങ്കിൽ ആത്മവിശ്വാസം പലമടങ്ങു വർധിക്കുമായിരുന്നു. – ഇവാൻ സൂചിപ്പിച്ചു.
അടുത്ത മത്സരത്തിൽ ജീക്സൺ കളത്തിലിറങ്ങിയേക്കും. ഒഡീഷയ്ക്കെതിരെ സെക്കൻഡ് സ്ട്രൈക്കർ റോളിൽ യുവതാരം നിഹാൽ സുധീഷ് തിളങ്ങിയതു പ്രതീക്ഷയാണ്. ലിത്വാനിയൻ സ്ട്രൈക്കർ ഫിയദോർ ചിർനിച് പഞ്ചാബിനെതിരെ തുടക്കം മുതൽ കളത്തിലിറങ്ങിയാൽ നിഹാൽ വിങ്ങിലേക്കു മാറിയേക്കും. പരിശീലനം പുനരാരംഭിച്ച വിബിൻ കൂടിയെത്തുന്നതോടെ ടീം കൂടുതൽ മെച്ചപ്പെടുമെന്നാണു പ്രതീക്ഷ.