കൊറിയ തോറ്റിട്ടും ക്ലിൻസ്മാൻ ചിരിച്ചു!
Mail This Article
അൽ റയ്യാൻ (ഖത്തർ) ∙ വിശാലമായ പുഞ്ചിരി ജർമൻകാരൻ യുർഗൻ ക്ലിൻസ്മാന്റെ കൂടപ്പിറപ്പാണ്! പക്ഷേ, കഴിഞ്ഞ ദിവസം ഖത്തറിൽ ഏഷ്യൻ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ ക്ലിൻസ്മാൻ പരിശീലിപ്പിച്ച ദക്ഷിണ കൊറിയ 2–0ന് ജോർദാനോടു തോറ്റതിനു പിന്നാലെ ക്ലിൻസ്മാൻ ചിരിച്ചതു വലിയ പുലിവാലായി. ജോർദാൻ കോച്ച് ഹുസൈൻ അമൗട്ടയെ മത്സരശേഷം അഭിനന്ദിച്ചപ്പോൾ ക്ലിൻസ്മാന്റെ മുഖത്തു നല്ലൊരു ചിരിയുണ്ടായിരുന്നു. മത്സര ശേഷം നടന്ന മാധ്യമസമ്മേളനത്തിൽ ഇതു ചോദ്യം ചെയ്യപ്പെട്ടു; ക്ലിൻസ്മാന്റെ ആത്മാർഥത തന്നെയായിരുന്നു വിഷയം.
‘കളി ജയിച്ചാലും തോറ്റാലും എതിർ ടീമിന്റെ കോച്ചുമായി ഹസ്തദാനം ചെയ്യുന്നതും ചിരിക്കുന്നതും എന്റെ പതിവാണ്. ഇതു ബഹുമാനത്തിന്റെ അടയാളമായി ഞാൻ കാണുന്നു. ജോർദാൻ ആ വിജയം അർഹിച്ചിരുന്നു. ഞാൻ ചിരിക്കാൻ പാടില്ല എന്നു പറയുന്നവർക്കും എനിക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്’– ക്ലിൻസ്മാൻ വിശദീകരിച്ചു. ഫിഫ റാങ്കിങ്ങിൽ ദക്ഷിണ കൊറിയയെക്കാൾ വളരെ പിന്നിലുള്ള ടീമാണു ജോർദാൻ. ടൂർണമെന്റിൽ കൊറിയയുടെ മത്സരതന്ത്രം വളരെയേറെ വിമർശിക്കപ്പെട്ടിരുന്നു. ജോർദാനെതിരായ മത്സരത്തിനിടെ ടീമിന്റെ പ്രകടനത്തിൽ ക്ലിൻസ്മാൻ പലവട്ടം അസംതൃപ്തി പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.