ഏഷ്യൻ കപ്പിന് ഖത്തറ് മണം!; ആതിഥേയർക്ക് രണ്ടാം കിരീടം, മൂന്നു ഗോളുകളും പെനൽറ്റി കിക്കിൽനിന്ന്
Mail This Article
ദോഹ ∙ ഏഷ്യൻ ഫുട്ബോൾ രാജാക്കന്മാരുടെ കിരീടം വിട്ടുകൊടുക്കാതെ ഖത്തർ. എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ ഖത്തർ 3–1നു ജോർദാനെ പരാജയപ്പെടുത്തി. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, അക്രം അഫിഫാണ് ഖത്തറിന്റെ 3 ഗോളുകളും നേടിയത്. 22, 73, 90+5 മിനിറ്റുകളിൽ പെനൽറ്റിയിൽനിന്നായിരുന്നു 3 ഗോളുകളും. ഖത്തർ ക്ലബ് അൽ സാദിന്റെ താരമാണ് ഹാട്രിക് നേടിയ ഇരുപത്തേഴുകാരൻ അഫിഫ്. 67–ാം മിനിറ്റിൽ യാസൻ അൽ നയ്മത്ത് ജോർദാന്റെ ഏകഗോൾ നേടി. ഖത്തറിന്റെ 2–ാം ഏഷ്യൻ കപ്പ് കിരീട വിജയമാണിത്.ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററും അഫിഫാണ് (8).
തുടക്കം മുതൽ കളത്തിൽ ആധിപത്യം പുലർത്തിക്കളിച്ച ഖത്തറിന്റെ നീക്കങ്ങൾ പ്രതിരോധിക്കാൻ പരുക്കൻ കളിയിലേക്കു ചുവടു മാറിയതാണ് ജോർദാനു പിഴയ്ക്കാൻ കാരണം. എഎഫ്സി കപ്പിൽ ആദ്യ ഫൈനൽ കളിച്ച ജോർദാൻ വഴങ്ങിയ 3 ഗോളുകളും വന്നതു പെനൽറ്റിയിൽ നിന്നാണ്. ബോക്സിനുള്ളിൽ വച്ച് അക്രം അഫിഫിനെ ജോർദാൻ താരം നസീബ് വീഴ്ത്തിയപ്പോഴാണ് വിഎആർ പരിശോധനയ്ക്കു ശേഷം ആദ്യ പെനൽറ്റി അനുവദിക്കപ്പെട്ടത്.
അഫിഫ് തന്നെ ഇതു ഗോളാക്കി. 67–ാം മിനിറ്റിൽ യാസൻ അൽ നയ്മത്തിന്റെ ഗോളിൽ ജോർദാൻ സ്കോർ 1–1 ആക്കി. എന്നാൽ, 73–ാം മിനിറ്റിൽ ഖത്തർ താരം ഇസ്മയിലിനെ ബോക്സിൽ തടഞ്ഞ അൽമാർഡിയുടെ നീക്കം ഫൗളായി. വിഎആർ പരിശോധനയ്ക്കു ശേഷം റഫറി അനുവദിച്ച പെനൽറ്റി അക്രം അഫിഫ് ലക്ഷ്യത്തിലെത്തിച്ചു. ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റികൂടി ലക്ഷ്യത്തിലെത്തിച്ച് അഫിഫ് ഖത്തറിന്റെ കിരീടവിജയം ആഘോഷമാക്കി.