ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് ഇന്നുമുതൽ
Mail This Article
ലണ്ടൻ ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിന് ഇന്നു രാത്രി കിക്കോഫ്. ചാംപ്യൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മഡ്രിഡും ആദ്യ ദിവസം മത്സരരംഗത്തുണ്ട്. ഇംഗ്ലിഷ് ക്ലബ് സിറ്റി എവേ മത്സരത്തിൽ ഡെന്മാർക്ക് ക്ലബ് എഫ്സി കോപ്പൻഹേഗനെ നേരിടും. 13 വർഷത്തിനു ശേഷമാണ് കോപ്പൻഹേഗൻ ചാംപ്യൻസ് ലീഗ് നോക്കൗട്ടിൽ കളിക്കുന്നത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് എവേ ഗ്രൗണ്ടിൽ ജർമൻ ക്ലബ് ലൈപ്സീഗിനെ നേരിടും. 2 മത്സരങ്ങൾക്കും രാത്രി 1.30നാണ് കിക്കോഫ്. നാളെ രാത്രി 1.30ന് ഫ്രഞ്ച് ക്ലബ് പിഎസ്ജി സ്പെയിനിലെ റയൽ സോസിദാദിനെയും ഇറ്റാലിയൻ ക്ലബ് ലാസിയോ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനെയും നേരിടും.
തങ്ങളുടെ സൂപ്പർ താരങ്ങൾ മിന്നുന്ന ഫോമിലാണെന്ന ആത്മവിശ്വാസത്തിലാണ് സിറ്റിയും റയലും ചാംപ്യൻസ് ലീഗിനു വരുന്നത്. സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ട് പരുക്കു ഭേദമായി തിരിച്ചെത്തിയതാണ് സിറ്റിയുടെ ആശ്വാസം. കഴിഞ്ഞ ദിവസം എവർട്ടനെതിരെ 2 ഗോളുകൾ നേടുകയും ചെയ്തു. റയൽ നിരയിൽ ഗോളടിയന്ത്രം ജൂഡ് ബെലിങ്ങാമിനു പരുക്കേറ്റതു തിരിച്ചടിയാണെങ്കിലും വിനീസ്യൂസ്, റോഡ്രിഗോ എന്നിവർ ഫോമിലാണ്.