ഐവറി കോസ്റ്റ് വിജയതീരത്ത്, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ നൈജീരിയയെ തോൽപിച്ചു
Mail This Article
അബിജാൻ (ഐവറി കോസ്റ്റ്) ∙ ഗ്രൂപ്പ് റൗണ്ടിൽ തട്ടിവീഴാതെ നോക്കൗട്ടിൽ കഷ്ടിച്ചു കടന്നുകൂടിയ ഐവറി കോസ്റ്റ് ജീവന്മരണപ്പോരാട്ടങ്ങൾക്ക് ഒടുവിൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ കിരീടജേതാക്കൾ. ഫൈനലിൽ ഐവറി കോസ്റ്റ് 2–1നു നൈജീരിയയെ തോൽപിച്ചു.
ഒരുഗോളിനു പിന്നിൽനിന്ന ശേഷമാണ് സ്വന്തം നാട്ടുകാരായ കാണികൾക്കു മുന്നിൽ ഐവറി കോസ്റ്റ് ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയത്. ക്യാപ്റ്റൻ വില്യം ട്രൂസ്റ്റ് ഇകോങ്ങിന്റെ ഗോളിൽ 38–ാം മിനിറ്റിൽ നൈജീരിയ ആദ്യം മുന്നിലെത്തി. 62–ാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയുടെ ഗോളിൽ ഐവറി കോസ്റ്റ് ഒപ്പമെത്തി. 81–ാം മിനിറ്റിൽ, സൂപ്പർതാരം സെബാസ്റ്റ്യൻ ഹാളർ ടീമിന്റെ വിജയഗോൾ നേടി. ഐവറി കോസ്റ്റിന്റെ 3–ാം കിരീടമാണിത്. 1992ലും 2015ലും ഐവറി കോസ്റ്റ് ജേതാക്കളായിരുന്നു.
അർബുദത്തെ അതിജീവിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ഇരുപത്തൊമ്പതുകാരൻ ഹാളറിന്റെ തിരിച്ചുവരവിന്റെ വിജയം കൂടിയാണിത്. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിന്റെ താരമായ ഹാളറിന് 2022ലാണ് അർബുദബാധ കണ്ടെത്തിയത്. ചികിൽസകൾക്കു ശേഷം കഴിഞ്ഞ വർഷം അദ്ദേഹം കളിക്കളത്തിൽ തിരിച്ചെത്തി. ടീമിന്റെ വിജയത്തെത്തുടർന്ന് രാത്രി മുഴുവൻ നീണ്ട ആഘോഷമാണ് ഐവറി കോസ്റ്റിൽ അരങ്ങേറിയത്.