ഏഷ്യൻകപ്പിലെ മോശം പ്രകടനം തിരിച്ചടിച്ചു; ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് 15 സ്ഥാനങ്ങൾ നഷ്ടം, 117ൽ
Mail This Article
ന്യൂഡൽഹി ∙ ഏഷ്യൻ കപ്പ് ഫുട്ബോളിലെ നിരാശാജനകമായ പ്രകടനത്തിന്റെ തുടർച്ചയായി ഫിഫ ലോകറാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിനു വൻവീഴ്ച. 15 സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി 117–ാം റാങ്കിലാണിപ്പോൾ ഇന്ത്യ. 7 വർഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും മോശം സ്ഥാനമാണിത്.
2015ൽ 173–ാം സ്ഥാനത്തായിരുന്ന ഇന്ത്യ അവിടെനിന്ന് പടിപടിയായി പ്രകടനം മെച്ചപ്പെടുത്തി വരുന്നതിനിടെയാണ് ഈ വൻ തിരിച്ചടി. ഇതിനു മുൻപത്തെ റാങ്കിങ്ങിൽ 102–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഏഷ്യൻ രാജ്യങ്ങളിൽ 22–ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ഏഷ്യൻ കപ്പിൽ ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നിവയോടു തോറ്റ ഇന്ത്യയ്ക്ക് 35.63 റേറ്റിങ് പോയിന്റുകൾ നഷ്ടമായി. ഏഷ്യൻ കപ്പ് ജേതാക്കളായ ഖത്തർ 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 37–ാം സ്ഥാനത്തെത്തി. ജപ്പാൻ ഒരു സ്ഥാനം നഷ്ടപ്പെടുത്തി പതിനെട്ടാമതായി. ഏഷ്യൻ കപ്പ് ഫൈനൽ വരെയെത്തിയ ജോർദാൻ 17 സ്ഥാനം മെച്ചപ്പെടുത്തി 70–ാം സ്ഥാനക്കാരായി.
പുരുഷ ഫുട്ബോൾ ഫിഫ റാങ്കിങ് TOP 5
1. അർജന്റീന
2. ഫ്രാൻസ്
3. ഇംഗ്ലണ്ട്
4. ബൽജിയം
5.ബ്രസീൽ