ADVERTISEMENT

ചെന്നൈ ∙ അയൽപോരിലും രക്ഷയില്ല; മറീന അരീന സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ‘ബ്ലാസ്റ്റ്’ ആഘോഷത്തിനു പകരം ചെന്നൈയിൻ സൂപ്പർ മച്ചാൻസിന്റെ ‘വെട്രി’ ഡാൻസ്! പ്ലേഓഫ് സാധ്യത സജീവമാക്കാനുള്ള നിർണായക ഐഎസ്എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 1–0 തോൽവി. തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയതിനു പുറമേ ഗോൾകീപ്പർ അടക്കമുള്ള പ്രധാന താരങ്ങൾ മത്സരത്തിൽ പരുക്കേറ്റു പുറത്തു പോയതും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. മുൻ മത്സരങ്ങളിൽ ഒഡീഷയോടും പഞ്ചാബ് എഫ്സിയോടും തോറ്റതിനു പിന്നാലെ ചെന്നൈയിനു മുൻപിലും വീണതോടെ പോയിന്റ് പട്ടികയിലെ നാലാം സ്ഥാനവും ആശങ്കയിലായി. സീസണിൽ ബാക്കിയുള്ള 7 മത്സരങ്ങൾ പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇനി അതീവ നിർണായകം. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 25ന് എഫ്സി ഗോവയ്ക്കെതിരെ കൊച്ചിയിൽ.

60–ാം മിനിറ്റിൽ ഇന്ത്യൻ താരം ആകാശ് സാങ്‌വാനാണ് ചെന്നൈയിൻ എഫ്സിക്കായി വിജയ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്സ് ഗോളിനു സമീപത്തു നിന്നു ലഭിച്ച ത്രോയിൽ നിന്നു ഫാറൂഖ് ചൗധരി മറിച്ചു നൽകിയ പന്ത്, ഡിഫൻഡർമാരെ മറികടന്ന് പ്രതിരോധ താരമായ ആകാശ് വലയിലെത്തിച്ചു. 81–ാം മിനിറ്റിൽ ചെന്നൈയിൻ പ്രതിരോധ താരം അങ്കിത് മുഖർജി ചുവപ്പു കാർഡ് കണ്ടു പുറത്തായിരുന്നു. അവസരം മുതലെടുക്കാൻ പകരക്കാരെ ഇറക്കി ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച് ശ്രമിച്ചെങ്കിലും 10 പേരുമായി അവസാന 10 മിനിറ്റ് ചെന്നൈയിൻ പൊരുതി നിന്നു.

ദിമിയില്ലാതെ ഇലവൻ

സ്റ്റാർട്ടിങ് ഇലവനിലും റിസർവ് ബെഞ്ചിലും ഗ്രീക്ക് ഫോർവേഡായ സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റകോസ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പരിശീലനത്തിനിടെ ദിമിത്രിയോസിനു നേരിയ പരുക്കേറ്റതായാണു സൂചന. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് എഫ്സിയോടു പരാജയപ്പെട്ട ടീമിൽ നിന്നു 5 മാറ്റങ്ങളാണു വുക്കോമനോവിച് വരുത്തിയത്. ഇഷാൻ പണ്ഡിത ഈ സീസണിൽ ആദ്യമായി സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടി. ദിമി ഇല്ലാത്തതിനാൽ ഇരുപകുതിയിലും മികച്ച മുന്നേറ്റങ്ങൾ നടത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ആദ്യ പകുതിയിൽ ലിത്വാനിയൻ സ്ട്രൈക്കർ ഫിയദോർ ചെർനിച്ചാണ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റം നയിച്ചത്.

38–ാം മിനിറ്റിൽ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷിനു പരുക്കേറ്റു കളം വിടേണ്ടി വന്നു. ഗോൾമുഖത്തേക്ക് എത്തിയ ക്രോസ് പിടിക്കുന്നതിടെ സച്ചിൻ മൈതാനത്തു വീഴുകയായിരുന്നു. സച്ചിനു തോളിനു പരുക്കേറ്റെന്നാണു പ്രാഥമിക വിവരം. കരൺജിത്ത് സിങ്ങാണ് പിന്നീട് ബ്ലാസ്റ്റേഴ്സ് ഗോൾവല കാത്തത്. രണ്ടാം പകുതിയിൽ ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്സ് പതറി. നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവൽ, മലയാളി താരം കെ.പി. രാഹുൽ എന്നിവർ അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും സമനില ഗോൾ വന്നില്ല.

English Summary:

Kerala Blasters failed against Chennaiyin FC ISL football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com